തമിഴ്രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി ജയലളിതയുടെ മരുമകള്‍ ദീപ വരുന്നു

ചെന്നൈ: തമിഴ്രാഷ്ട്രീയത്തില്‍ പുതിയ തിരിവുകള്‍ സമ്മാനിച്ച് ജയലളിതയുടെ മരുമകള്‍ ദീപയും രാഷ്ട്രീയചുവടുവെയ്പ്പുകള്‍ നടത്തുന്നു. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നെന്ന് വ്യക്തമാക്കിയ ദീപ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്ന് അറിയിച്ചു. പുതിയ പാര്‍ട്ടിയുമായിട്ടാണ് ഇവര്‍ എത്തുന്നതെന്നാണ് സൂചനകള്‍.

ശരിയായ സമയത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് തന്റെ പദ്ധതിയെന്നും ഇന്ന് മുതല്‍ തന്റെ ജീവിതത്തിലെ ഒരു പുതിയ യാത്ര തുടങ്ങുകയാണെന്നും ദീപ പറഞ്ഞു. ജയലളിതയുടെ മരണം കഴിഞ്ഞ 40 ദിവസത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി എംജി ആറിന്റെ ജന്മശതാബ്ദി വേളയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ദീപ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എംജിആറിനെ പോലെ എന്റെ രക്തത്തിന്‍ രക്തമായ കൂടപ്പിറപ്പുകളെ എന്ന് വിളിച്ച് തികച്ചും നാടകീയമായിട്ടായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.

നേരത്തേ അമ്മാവിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ദീപയുടെ പോസ്റ്റര്‍ കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ജയലളിതയെ മോര്‍ഫ് ചെയ്ത് ഇറക്കിയ പോസ്റ്ററില്‍ സാരി ഉടുത്ത് ജയലളിതയുടെ അതേപോലെ കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന രീതിയിലായിരുന്നു ദീപയുടെ ചിത്രം നല്‍കിയത്. ഇത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നൊരുക്കം ആയിട്ടാണ് വിലയിരുത്തല്‍. ജയലളിതയ്ക്ക് പിന്നാലെ എഐഎഡിഎംകെയില്‍ ശക്തമായി പിടിമുറുക്കിയിട്ടുള്ള ശശികലയുടെ എതിരാളിയായി ഒരു വിഭാഗം എഐഎഡിഎംകെകാര്‍ ദീപയുടെ വരവിനെ കാണുന്നുണ്ട്. അടുത്തിടെയായിരുന്നു ശശികലയെ എഐഎഡിഎംകെ നേതാവായി തെരഞ്ഞെടുത്തത്.

ജയലളിതയുടെ മരണത്തിന് തൊട്ടു പിന്നാലെയാണ് സഹോദരന്റെ പുത്രി ദീപയും വെളിച്ചത്തിലേക്ക് വന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രമിച്ചിട്ടും അമ്മാവിയെ കാണാന്‍ പാര്‍ട്ടി നേതൃത്വം അനുവദിച്ചിരുന്നില്ലെന്ന് അവര്‍ ആരോപിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ ഡിസംബറില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയാതായി ഇവര്‍ ആരോപിച്ചു. രക്തത്തില്‍ പിറന്ന ബന്ധു എന്ന നിലയിലും എപ്പോഴും കൂട്ടത്തില്‍ കാണേണ്ടയാള്‍ എന്ന നിലയിലും ഏറ്റവും സ്‌നേഹിച്ചിരുന്നയാള്‍ എന്ന നിലയിലും സംസ്‌ക്കാര ചടങ്ങില്‍ തൊട്ടടുത്ത് തന്നെ നില്‍ക്കേണ്ടയാളാണ് താന്‍. എന്നാല്‍ അനേകം അണികളെ പോലെ അതിന് സാക്ഷിയാകേണ്ടി വന്നതായി അവര്‍ നേരത്തേ പറഞ്ഞിരുന്നു.

2007 ന് ശേഷം ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ പോകാനോ ജയലളിതയെ കാണാനോ നേതൃത്വം അനുവദിച്ചിരുന്നില്ലെന്ന് അവര്‍ ആരോപിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് തൊട്ടു പിന്നാലെ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുരങ്കം വെയ്ക്കരുതെന്ന് അവര്‍ ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരോട് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എംഎസ് ജയകുമാറിന്റെ ചെന്നൈയിലെ വസതിയില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി കൂടി വരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ അടുത്തിടെ നടന്ന ഒരു റാലിയില്‍ തങ്ങള്‍ക്ക് ശശികലയെ വേണ്ടെന്നും ദീപയെ മതിയെന്നും ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും നാള്‍ ഈ ദീപ എവിടെ ആയിരുന്നെന്നാണ് നേതൃത്വത്തിന്റെ ചോദ്യം.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: