ഗാംബിയന്‍ മുന്‍ പ്രസിഡന്റ് പോയപോക്കില്‍ ഗജനാവും കാലിയാക്കി

ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോഷ്ടിച്ച് രാജ്യംവിട്ടെന്ന് പുതിയ പ്രസിഡന്റ് അദമാ ബാരോ. ഇപ്പോള്‍ ഖജനാവ് ശൂന്യമാണെന്ന കാര്യം ധനാകര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും സ്ഥിരീകരിച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

നീണ്ട 22 വര്‍ഷക്കാലത്തെ ഭരണത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ജമ്മെയുടെ സ്ഥാനം തെറിച്ചത്. ഖജനാവിലെ സമ്പത്തും ആഡംബരവാഹനങ്ങളും വെള്ളിയാഴ്ച രാത്രി മധ്യആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ ചരക്കുവിമാനത്തില്‍ കയറ്റി വിട്ട ശേഷം ശനിയാഴ്ചയാണ് ജമ്മെ നാടുവിട്ടത്.

ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മെയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അദമാ ബാരോയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍, തോല്‍വി സമ്മതിക്കാന്‍ തയ്യാറാവാതിരുന്ന ജമ്മെ സ്ഥാനമൊഴിയാനും തയ്യാറല്ലെന്ന് അറിയിച്ചത് ഗാംബിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ് ടിച്ചിരുന്നു.

തുടര്‍ന്ന് ഗിനിയുടെയും മൗറീറ്റാനിയുടെയും പ്രസിഡന്റുമാരുമായും പശ്ചിമാഫ്രിക്കന്‍ നേതാക്കളുമായും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കൊമൊടുവില്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ യാഹിയ ജമ്മെ നിര്‍ബന്ധിതനാവുകയായിരുന്നു.

സെനഗലിലായിരുന്ന പുതിയ പ്രസിഡന്റ് അദമാ ബാരോ ഞായാറാഴ്ചയാണ് തലസ്ഥാനമായ ബന്‍ജുളില്‍ തിരിച്ചെത്തിയത്. ജമ്മെ സ്ഥാനമൊഴിയാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അദമാ ബാരോ സെനഗലിലെ ഗാംബിയന്‍ എംബസിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: