2033 ല്‍ റഷ്യയില്‍ പുകവലിക്കാരുണ്ടാവില്ല; കാരണം ഇതാണ്

2015 ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി ഉത്പനങ്ങള്‍ വില്‍ക്കാന്‍ പാടില്ല’ എന്ന നിയമം കൊണ്ടുവരാന്‍ റഷ്യ പദ്ധതിയിടുന്നു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പിന്തുണയോടെ റഷ്യന്‍ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച നീക്കം നടത്തുന്നത്.

പുകവലി നിരോധിത ആദ്യത്തെ ലോകരാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക നിയന്ത്രണം എന്നാണ് റഷ്യ ഈ നടപടിയെ കാണുന്നത്.

2015 ല്‍ ജനിക്കുന്നവര്‍ പതിനെട്ട് വയസ്സ് പൂര്‍ത്തീകരിക്കുന്ന 2033ലായിരിക്കും അഭിമാനകരമായ ഈ പദ്ധതിയുടെ ഫലം കണ്ടു തുടങ്ങുന്നത് എന്നിവര്‍ കരുതുന്നു. പുകവലി വിരുദ്ധതയുള്ള ഒരു മുതിര്‍ന്ന തലമുറയുടെ ആരംഭം അവിടെനിന്നാകും.

‘ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്, ആദര്‍ശപരമായ ഒരു ലക്ഷ്യമാണ് ഇത്’. റഷ്യന്‍ പാര്‍ലമെന്റംഗം നിക്കൊളായി ഗെരാസ്‌മേന്‌കോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പക്ഷെ ഈ നിയമം നിര്‍ബന്ധപ്പൂര്‍വ്വം നടപ്പാക്കാന്‍ കഴിയുമോ എന്നുള്ളത് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റുള്ള വകുപ്പുകളുടെ ഏകോപനമുണ്ടെങ്കില്‍ മാത്രമേ ഈ നിയമം നടപ്പിലാക്കാനും സാധിക്കുകയുള്ളു. ഇത് സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ ആരോഗ്യവകുപ്പ് ഇതര മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യയില്‍ പുകവലിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 10% കുറവുണ്ടായി എന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരിയായ ആസൂത്രണത്തിലൂടെ നടപ്പിലാക്കിയ ശ്രമങ്ങളാണ് ഇതിനു പിന്നില്‍. അതിനാല്‍ തന്നെ പുകവലി വിരുദ്ധമായ ഒരു യുവതലമുറയെ 17 വര്‍ഷങ്ങള്‍ക്കപ്പുറം സൃഷ്ടിക്കാന്‍ കഴിയും എന്ന റഷ്യയുടെ സ്വപ്നം അസാധ്യമല്ലെന്ന് എന്ന് ഇവര്‍ പറയുന്നു.

പുകവലി കാരണം കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ മരണമടഞ്ഞവരുടെ എണ്ണം ഏകദേശം 5,900 ആണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്ത്യയിലാകട്ടെ ശരാശരി ഒരു വര്‍ഷം 17 ലക്ഷം പുകവലിക്കാരാണ് രാജ്യത്ത് കൂടിക്കൊണ്ടിരിക്കുന്നത്. പുകവലിക്കാരുടെ എണ്ണത്തില്‍ ചൈന മാത്രമാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. ചെറുപ്പത്തിലേ പുകവലി ശീലം ഉപേക്ഷിക്കാന്‍ റഷ്യ നടപ്പാക്കുന്ന ഈ പദ്ധതി നമുക്കും പിന്തുടരാവുന്നതാണ്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: