ഷാനോന്‍ എയര്‍പോര്‍ട്ടില്‍ യു.എസ് വിമാനങ്ങളെ സംരക്ഷിച്ച ഇനത്തില്‍ ചെലവ് 200,000 യൂറോ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനങ്ങള്‍ നികുതി അടയ്ക്കുന്ന തുക മറ്റു രാജ്യങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ അമര്‍ഷം ഏറി വരികയാണ്. രാജ്യത്ത് സേവനരംഗത്തുള്ള നേഴ്സുമാര്‍ക്കും, മറ്റു പൊതു ജീവനക്കാര്‍ക്കും വേതനം വര്‍ദ്ധിപ്പിക്കാന്‍ മടി കാണിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നുള്ള അഭിപ്രായങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

അയര്‍ലന്‍ഡിലെ ഷാനോന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം യു.എസ് എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ക്ക് കാവലേര്‍പ്പെടുത്തിയ ഇനത്തില്‍ ചെലവായത് 200,000 യൂറോ ആണെന്ന് കണ്ടെത്തി. അയര്‍ലണ്ടിനെ ബെയ്സ് സ്റ്റേഷന്‍ ആയി ഉപയോഗിച്ച് യുദ്ധ കേന്ദ്രങ്ങളിലേക്ക് യു.എസ് വിമാനങ്ങള്‍ അയക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കഴിഞ്ഞ മന്ത്രിസഭ കൂടിയപ്പോള്‍ പബ്ലിക് അകൗണ്ട് കമ്മിറ്റിയാണ് വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ ചൂണ്ടിക്കാണിച്ചത്. അയര്‍ലണ്ടില്‍ യു.എസ് വിമാനങ്ങള്‍ സംരക്ഷിക്കുന്ന ഇനത്തില്‍ മാത്രം 181,669 യൂറോ കഴിഞ്ഞ വര്‍ഷം ചെലവിട്ടതായി ഐറിഷ് ഡിഫന്‍സ് ജനറല്‍ സെക്രട്ടറി മനറിസ് ക്വിന്‍ പരസ്യമാക്കിയിരുന്നു. ഇത് കൂടാതെ വിമാന സംരക്ഷണത്തിന് പട്ടാളക്കാര്‍ക്കുള്ള ചെലവും കൂടി കണക്കാക്കുമ്പോള്‍ ഇത് ഭീമമായ തുക വരുമെന്ന് കണക്കാക്കപ്പെടുന്നു.

യു.എസ് ഇറാക്ക് യുദ്ധ സമയത്ത് യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള പ്രധാന കേന്ദ്രമായും ഐറിഷ് എയര്‍പോര്‍ട്ടിനെ ഉപയോഗിച്ചിരുന്നു. ട്രംപ് അമേരിക്കയില്‍ ഭരണമേറ്റെടുത്തതോടെ അയര്‍ലന്‍ഡിനോടുള്ള ബന്ധത്തില്‍ നേരിയ വിള്ളല്‍ വരുത്തിയിട്ടുണ്ട്. യു.എസ്സിലുള്ള ഐറിഷ് കുടിയേറ്റക്കാരോടും നിലപാട് കടുപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഐറിഷ്-യു.എസ് വിമാന സര്‍വീസ് മാത്രമാണ് രാജ്യത്തിന് പറയത്തക്ക നേട്ടങ്ങളുമായി കാണിക്കാന്‍ കഴിയുന്നത്. പൊതുജന സമ്മര്‍ദ്ദം പരിധിവിട്ടാല്‍ ഇത്തരം അനാവശ്യ ചെലവുകള്‍ അയര്‍ലന്‍ഡ് നിര്‍ത്തിവെയ്ക്കേണ്ടി വരികയോ, യു.എസ്സില്‍ നിന്ന് ഈടാക്കുകയോ ചെയ്യേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: