ജയലളിതയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഡോക്ടര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കവെ അവരെ മുമ്പ് ചികില്‍സിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണകമ്മിറ്റിയെ ഒ പനീര്‍ശെല്‍വം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.അക്യുപങ്ചര്‍ സ്‌പെഷ്യലിസ്റ്റും ജയലളിതയെ സ്ഥിരമായി ചികില്‍സിക്കുകയും ചെയ്ത ഡോക്ടര്‍ എം എന്‍ ശങ്കറാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ ചികില്‍സിക്കാന്‍ തുടങ്ങിയ ശേഷം ജയലളിതയ്ക്ക് നല്ല പുരോഗതിയാണ് ഉണ്ടായതെന്ന് ശങ്കര്‍ പറഞ്ഞു.ചികിത്സ തന്റെ കീഴിലായിരുന്നെങ്കില്‍ ജയലളിതയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോക്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യത്യസ്ത രോഗങ്ങള്‍ അവരെ അലട്ടിയിരുന്നു. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

വിദേശത്തു നിന്നു നാട്ടിലേക്കു തിരിച്ചുവരുമ്പോഴാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം അറിഞ്ഞതെന്ന് ശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ എന്നെ ആരും ആശുപത്രിയിലേക്കു വിളിച്ചില്ല. അവിടേക്ക് ഫോണ്‍ ചെയ്തപ്പോഴാവട്ടെ ആരും മറുപടി നല്‍കിയതുമില്ല. തന്നെ മനപ്പൂര്‍വ്വം ഇവിടേക്ക് അടുപ്പിക്കാതിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചതാണോയെന്നറിയില്ലെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയവെ ഈ സമയത്ത് ഇത്തരമൊരു വെളിപ്പെടുത്താന്‍ നടത്തിയതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ശങ്കര്‍ പറഞ്ഞു. പനീര്‍ശെല്‍വത്തിന്റെയോ ശശികലയുടേയോ ഭാഗം ചേരുന്നില്ലെന്നും തമിഴ്‌നാടിന്റെ ഉന്നതി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജയലളിത ഗുരുതരമായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കാതിരുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. അപകടകരമായ മരുന്നുകളാണ് ആശുപത്രിയില്‍ വച്ച് ജയലളിതയ്ക്കു നല്‍കിയിരുന്നതെന്നും ശങ്കര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: