കോട്ടയം കല്യാണ്‍സില്‍ക്‌സില്‍ വസ്ത്രം മാറ്റി വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ക്രൂര മര്‍ദ്ദനം

കോട്ടയം: കോട്ടയത്തെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ കല്യാണ്‍ സില്‍ക്‌സിയില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിന്റെ നിറം മങ്ങിയതിനെത്തുടര്‍ന്ന് മാറ്റി വാങ്ങാനെത്തിയ വിദ്ധ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കോട്ടയം ബസേലിയോസ് കോളേജിലെ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായ റെന്‍സണ്‍ തിങ്കളാഴ്ച കല്യാണ്‍ സില്‍ക്‌സിലെത്തി ഒരു ഷര്‍ട്ട് വാങ്ങിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാങ്ങിച്ച ഷര്‍ട്ട് കഴുകിയപ്പോള്‍ തീര്‍ത്തും നിറം മങ്ങിയ വിവരം ടെക്സ്റ്റയില്‍സില്‍ അറിയിച്ച റെന്‍സനോട് ചൊവ്വാഴ്ച കല്യാണ്‍ സില്‍ക്‌സിലെത്തി ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ചൊവാഴ്ച രാത്രി റണ്‍സനും സുഹൃത്ത് ആഷിക്കും ചേര്‍ന്ന് കല്യാണ്‍ സില്‍ക്‌സിലെത്തി. എന്നാല്‍ കടയിലെത്തിയപ്പോള്‍ ജീവനക്കാര്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയും റെന്‍സനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. സംസാരം മുറുകിയപ്പോള്‍ ഡ്രസ് ട്രയല്‍ റൂമിലേക്ക് റെന്‍സനെ കൂട്ടികൊണ്ടുപോയ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെയും വിളിച്ചുവരുത്തി റെന്‍സനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കുകയായിരുന്നു. തടയാന്‍ ചെന്ന ആഷികിനെ മര്‍ദിക്കുകയും ചെയ്തു.

തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ റെന്‍സന്റെ വിവരങ്ങള്‍ അറിഞ്ഞ ബസേലിയസ് കോളേജിലെ വിദ്ധ്യാര്‍ത്ഥികളും, വിദ്ധ്യാര്‍ത്ഥിനികളും ഇന്നലെ നഗരത്തെ സ്തംഭിപ്പിച്ച് കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ എത്തി പ്രതിഷേധ പ്രകടനം നടത്തി. പൊരിവെയിലിനെ വകവെയ്ക്കാതെ നടത്തിയ സമരത്തില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞ പോലീസ് കല്യാണ്‍ സില്‍ക്സ് മാനേജുമെന്റുമായി ചര്‍ച്ച നടത്താന്‍ വിദ്യാര്‍ത്ഥികളില്‍ ചിലരെ ഷോറൂമിലേക്ക് കയറ്റി വിട്ടു. ടെക്സ്റ്റയില്‍സ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് മാപ്പു ചോദിച്ച മാനേജ്മെന്റ് റെന്‍സണ് ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് രേഖമൂലം എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ ഒന്ന് ഉറക്കെ സംസാരിച്ചാല്‍ എത്തി നോട്ടം നടത്തുന്ന മാധ്യമങ്ങള്‍ നട്ടുച്ചക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത് ഉണ്ടായ ഈ സമരത്തിന് കവറേജ് നല്‍കാന്‍ തയാറായില്ല എന്നതും അത്ഭുതകരമാണ്. ടെക്‌സ്‌റ്റൈല്‍സില്‍ ഷര്‍ട്ട് മാറ്റി വാങ്ങാന്‍ എത്തിയ റെന്‍സന്റെ സംസാരം കേട്ട് കസ്റ്റമേഴ്‌സ് ഷോപ്പിംഗ് നടത്താതെ തിരിച്ചു പോയതില്‍ പ്രകോപിക്കപെട്ടതാണ് ജീവനക്കാരന്‍ മര്‍ദിക്കാന്‍ കാരണമായത് എന്ന് പറയപ്പെടുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് റെന്‍സണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഒരുക്കി തീര്‍ക്കാനാണ് നഷ്ടപരിഹാര തുക നല്‍കിയത്.
എ എം

Share this news

Leave a Reply

%d bloggers like this: