ഇന്ത്യ-യുഎസ് സഹകരണം ട്രംപിന്റെ കീഴില്‍ പുതിയ മാനങ്ങള്‍ കൈവരിക്കുമ്പോള്‍

യുഎസിലേക്കുള്ള ഏറ്റവും വലിയ ഏകരാജ്യ കുടിയേറ്റക്കാര്‍ എന്ന പദവിയില്‍ ഇന്ത്യക്കാര്‍ ഒന്നാമതാണ്. മുമ്പുതന്നെ മെക്‌സിക്കോയെ മറികടന്ന അവര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചൈനക്കും മുകളിലാണ്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഇന്ത്യന്‍ വംശജരുടെ സമൂഹം. വിദ്യാഭ്യാസം, വരുമാനം, രാഷ്ട്രീയ ഉദ്ഗ്രഥനം എന്നിവയിലെല്ലാം അവര്‍ ഏറെ മുമ്പിലുമാണ്. യുഎസിലെ ഏറ്റവും സംരഭകതത്പരരായ, സാങ്കേതികവിദ്യാ വിദഗ്ദ്ധരായ സമൂഹവും അവരാണ്. ട്രംപ് ഭരണകൂടം ഇത് മനസില്‍ കണ്ടായിരിക്കും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് അനുകൂലമായ രീതിയില്‍ ചട്ടങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കുടിയേറ്റത്തിനെതിരെ ട്രംപ് ആഞ്ഞടിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ളവരെ അദ്ദേഹം ഒഴിവാക്കുന്നുണ്ട്.

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ട്രംപ് ഭരണം പൊതുവേ അനുകൂല നിലപാടാണ്. 1980-ലെ 2,00,000ത്തില്‍ നിന്നും ഇന്നത്തെ നാല് ദശലക്ഷത്തിലേക്ക് വളര്‍ന്ന ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഇന്ത്യ-അമേരിക്കാ ബന്ധത്തിന്റെ നെടുംതൂണാണെന്നു പ്രസിഡണ്ട് ട്രംപ് മനസിലാക്കുമെന്ന് കരുതാം. തന്ത്രപര പങ്കാളിത്തം പോലുള്ള മേഖലകള്‍ ഉണ്ടെങ്കിലും ജനതകള്‍ തമ്മിലുള്ള ഈ ബന്ധം ഉഭയകക്ഷി ബന്ധത്തിന്റെ വലിയൊരു സ്രോതസാണ്. ദരിദ്രരരെ ലക്ഷ്യം വെച്ചുള്ള കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങള്‍ മറ്റുള്ളവരെക്കാള്‍ കുറവേ ഇന്ത്യക്കാരെ ബാധിക്കൂ എങ്കിലും ഗ്രീന്‍ കാര്‍ഡ് അപേക്ഷ നല്‍കിയ ഇന്ത്യക്കാര്‍ക്ക് അല്പം കാലതാമസം ഉണ്ടായേക്കാം

വൈറ്റ് ഹൗസില്‍ ഇന്ത്യയ്ക്കും ഹിന്ദു സമൂഹത്തിനും നല്ലൊരു സുഹൃത്ത് ആയിരിക്കും താനെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ആവോളം പ്രശംസിച്ചിട്ടുണ്ട്. ദേശീയതയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയുടെ നയങ്ങളോട് സമാനതകളുണ്ട് ട്രംപിന്റെ നയങ്ങള്‍ക്ക് എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഇത് ട്രംപ് ഭരണകൂടവും മോദി സര്‍ക്കാറും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ചൈനയോടും പാകിസ്താനോടും ട്രംപ് പുലര്‍ത്തുന്ന ശത്രുതയും ഇന്ത്യയുമായി കൂടുതലടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സംയുക്ത സൈനികാഭ്യാസം മുതല്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനുള്ള വ്യാപാര സഹകരണം വരെയുള്ള കാര്യങ്ങള്‍ക്കാവും ഇന്ത്യ മുന്‍തൂക്കം കൊടുക്കുക. അമേരിക്കയാകട്ടെ, ഇന്ത്യന്‍ വിപണിയിലെ അമേരിക്കന്‍ ഉത്പന്നങ്ങളുടെ വളര്‍ച്ചയായിരിക്കും ലക്ഷ്യമിടുന്നത്.

ഐടി മേഖലയില്‍ ഇന്ത്യയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ആഭ്യന്തര വിപണിയിലെ വളര്‍ച്ച മെച്ചപ്പെടുത്താനും ട്രംപിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ് കോണ്‍ഗ്രസില്‍ നിന്നുള്ള 27 പേര്‍ അടങ്ങുന്ന പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ രണ്ട് സംഘങ്ങളായാണ് ഇന്ത്യയില്‍ എത്തുക.

ബംഗളൂരു, ഹൈദരാബാദ്, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നടകുന്ന സ്വകാര്യ ചടങ്ങുകളിലും ഇവര്‍ പങ്കെടുക്കും. ഇന്ത്യ- യുഎസ് ബന്ധം വളര്‍ത്തിയെടുക്കാന്‍ ഈ സന്ദര്‍ശനം ഏറെ ഉപകാരപ്രദമാവുമെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്തേജ് സര്‍ണ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായകമാവും.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നത്. ദല്‍ഹിയിലും ഹൈദരാബാദിലെ ആസ്പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കുന്നതിനായാണ് 19 പേരടങ്ങുന്ന സംഘം എത്തുന്നത്. ഫെബ്രുവരി 20 മുതല്‍ 25 വരെയാണ് പരിപാടി. ഇതിനോടനുബന്ധിച്ച് സര്‍ക്കാരുമായും ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങളുമായും, രാഷ്ട്രീയപ്രവര്‍ത്തകരുമായും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും.

 
എ എം

Share this news

Leave a Reply

%d bloggers like this: