“വംശീയ ആക്രമണത്തില്‍ നിന്ന് കുടിയേറ്റക്കാര്‍ സംരക്ഷിക്കപ്പെടേണം” – ഇമിഗ്രെഷന്‍ കൗണ്‍സില്‍

ഡബ്ലിന്‍ : കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന വംശീയ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ നിയമങ്ങള്‍ ശക്തമാക്കണമെന്ന് ഐറിഷ് ഗവണ്‍മെന്റിനോട് ഇമിഗ്രെഷന്‍ കൗണ്‍സിലിന്റെ പ്രത്യേക ശുപാര്‍ശ. കുടിയേറ്റക്കാര്‍ താമസിക്കുന്ന വീടുകളെയും കോളനികളെയും ഉന്നം വെച്ച് ഒരു വിഭാഗം നടത്തുന്ന കവര്‍ച്ച, കൊലപാതകം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ നീതികരിക്കാനാകാത്ത കുറ്റകൃത്യങ്ങള്‍ തടയാനാവശ്യമായ സമഗ്രമായ നിയമം ആവിഷ്‌കരിക്കാനാണ് കൗണ്‍സില്‍ നിര്‍ദ്ദേശം.

വംശീയ വിദ്വേഷികളെ ഭയന്ന് ആത്മഹത്യാ ചെയ്യുന്ന കുടിയേറ്റക്കാരും വീടുവിട്ട് ഇറങ്ങേണ്ടിവരുന്നവരും, കുട്ടികളെ കളിസ്ഥലങ്ങളില്‍ അയക്കാന്‍ പേടിയുള്ളവരും അയര്‍ലണ്ടില്‍ സമീപകാലത്തായി വര്‍ദ്ധിച്ചു വരികയാണ്. ആക്രമണങ്ങള്‍ക്ക് ഇരകളാകേണ്ടി വരുന്നവര്‍ ഭൂരിഭാഗവും 18 വയസ്സിന് താഴെയുള്ളവരാണ്. ശാരീരികമായി പരിക്കേല്‍ക്കുന്നവര്‍, വാക്കുകള്‍ കൊണ്ട് വിദ്വേഷം പുലര്‍ത്തുന്നവര്‍, വസ്തു വകകള്‍ നശിപ്പിക്കല്‍ തുടങ്ങി വംശീയ വിദ്വേഷം പല രീതിയിലാണ് മലയാളികളുള്‍പ്പടെയുള്ള കുടിയേറ്റക്കാരെ ബാധിക്കുന്നത്. പത്ത് കുടിയേറ്റക്കാരില്‍ ഒന്‍പത് പേരും ഏതെങ്കിലും തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളായി തീരുന്നുണ്ട്.

ഇത്തരം സംഭവങ്ങള്‍ കുടുതലും നടക്കുന്നത് സോഷ്യല്‍ ഹൌസിങ് യൂണിറ്റുകളിലാണ്. ഇതില്‍ തന്നെ വംശീയ പീഡനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവര്‍ കറുത്ത വര്‍ഗക്കാരാണ്.(46 ശതമാനം) മധ്യ കിഴക്കന്‍ യൂറോപ്പുകാര്‍ രണ്ടാമ സ്ഥാനത്തും(24 ശതമാനം) ഏഷ്യക്കാര്‍ (12 ശതമാനം) വും ആണെന്നാണ് ഇമിഗ്രെഷന്‍ അധികൃതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരകളാകുന്നവര്‍ തയ്യാറാകാത്തത് അതിക്രമംങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. തക്ക സമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമൂലം സോഷ്യല്‍ ഹൌസിങ് യൂണിറ്റുകളിലും സിറ്റി കൗണ്‍സിലുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തപ്പെടുന്നതുമില്ല. വംശീയ ആക്രമണങ്ങള്‍ സാമൂഹിക വിരുദ്ധ പ്രവൃത്തിയായി കണക്കാക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് പോലും കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ രാജ്യത്തെ പോലീസ് സംവിധാനങ്ങള്‍ക്കോ നിയമ വ്യവസ്ഥിതികള്‍ക്കോ ഇത്തരം അക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാനും കഴിയുന്നില്ല.

സ്‌കൂള്‍ കോളേജ് തലങ്ങളെക്കാളും ജോലിസ്ഥലങ്ങളിലുള്ളതിനേക്കാളും വംശീയ തിക്രമങ്ങള്‍ അരങ്ങേറുന്നത് സോഷ്യല്‍ ഹൌസിങ് യൂണിറ്റുകളിലാണെന്ന് ഐറിഷ് ഇമിഗ്രെഷന്‍ കൗണ്‍സില്‍ ചീഫ് എക്‌സിക്യു്ട്ടീവ് ബ്രെയാന്‍ കില്ലോറ വ്യക്തമാക്കി.ഇതുസംബന്ധിച്ചുള്ള 1989 ലെ നിയമം പുതുക്കാനും ഇരകളെ സംരക്ഷിക്കുന്ന രീതിയില്‍ നിയമ ഭേദഗതി നടത്താനും ഐറിഷ് നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡ് നിയമോപദേശം തേടി.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ശാരീരിക ഉപദ്രവമേല്പിക്കുന്നതും കൂടിവരുമ്പോള്‍ അയര്‍ലണ്ടും ഇതില്‍ നിന്നും വിഭിന്നമല്ലെന്ന വാര്‍ത്ത ഇന്ത്യക്കാരുള്‍പ്പടെയുള്ള കടിയേറ്റക്കാരി ഭീതി പടര്‍ത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ കൊലചെയ്യപ്പെടുന്ന കേസുകളില്‍ വംശീയ വിദ്വേഷമെന്ന കാരണം ഒളിഞ്ഞു കിടക്കുന്ന കാര്യം ഗാര്‍ഡ തന്നെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ സ്വീകരിക്കാന്‍ തയ്യാറായ അയര്‍ലണ്ട് വംശീയ ആക്രമണങ്ങള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി ആരംഭിക്കാന്‍ ഇനിയും വൈകിയാല്‍ അയര്‍ലന്റിലുള്ള ഇന്ത്യന്‍ സമൂഹത്തിനെയും ഇത്തരം ആക്രമണങ്ങള്‍ ബാധിക്കുമെന്നതില്‍ സംശയമില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: