ദൂരൂഹത അവശേഷിപ്പിച്ച് മണിയുടെ മരണം; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിക്കാത്ത പശ്ചാതലത്തിലാണ് പൊലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. സഹായികളായ പീറ്റര്‍, ജോബി, അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. എന്നാല്‍ കുടുംബം ആരോപിക്കുംവിധം മനപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചില്ല.

ഇക്കാര്യം നേരത്തെ തന്നെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കുകയാണെന്നറിയിക്കുന്ന റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും. കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. മണിയുടെ മരണം നടന്ന് ഒരാണ്ട് തികയാനൊരുങ്ങുമ്പോള്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതോടെ മരണം സംബന്ധിച്ച ദൂരൂഹത അവശേഷിക്കുകയാണ്.

 

 
ഡി കെ

Share this news

Leave a Reply

%d bloggers like this: