യെസ് ഫോണ്‍ തട്ടിപ്പ് യൂറോപ്പിലേക്കും വ്യാപിക്കുന്നു; അപരിചിത ഫോണ്‍ കോളുകള്‍ക്ക് ചെവി കൊടുക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍

അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഫോണ്‍ വഴിയുള്ള ഈ തട്ടിപ്പിന്റെ തുടക്കം അമേരിക്കയിലാണ്. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ തട്ടിപ്പ് വ്യാപിക്കുന്നുവെന്ന ആശങ്കയുമുണ്ട്.

കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ ‘യെസ്’ ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്. ഫോണ്‍ വഴി ചില ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റുകള്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നവയാണ്. ഈ രീതിയെ ഫോണ്‍ വഴിയുള്ള തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയാണ്.

പ്രാദേശിക നമ്പറില്‍ നിന്നുള്ള ഫോണ്‍കോളാണ് ആദ്യം ലഭിക്കുക. ഈ കോള്‍ എടുത്തു കഴിഞ്ഞാല്‍ മറുതലയ്ക്കലുള്ളവര്‍ സ്വയം പരിചയപ്പെടുത്തും. പേരും ജോലി ചെയ്യുന്ന സ്ഥാപനവും അടക്കം പറഞ്ഞാണ് പരിചയപ്പെടുത്തുക. ഇതിന് ശേഷം നിങ്ങള്‍ക്ക് കേള്‍ക്കുന്നുണ്ടോ എന്ന് ചോദിക്കും. ‘യെസ്’ എന്ന് പറഞ്ഞാല്‍ ഫോണ്‍ കട്ടാവും.

ഈ ‘യെസ്’ ശബ്ദമാണ് തട്ടിപ്പിനായി ഉപയോഗിക്കുക. റെക്കോഡ് ചെയ്യുന്ന യെസ് ശബ്ദം എഡിറ്റ് ചെയ്ത് നിരവധി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയുടെ രൂപത്തിലേക്ക് മാറ്റുന്നു. അങ്ങനെ യാതൊരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരുന്നതിനെതിരെ പ്രതികരിച്ചാല്‍ ഈ ശബ്ദരേഖയാണ് തട്ടിപ്പുകാര്‍ തെളിവായി കേള്‍പ്പിക്കുകയും ചെയ്യും. കൂടുതല്‍ തര്‍ക്കത്തിന് നിന്നാല്‍ നിയമപരമായി നീങ്ങുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തും.

അമേരിക്കയിലെ ഫ്ളോറിഡ, പെന്‍സുല്‍വേനിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും തട്ടിപ്പ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മാത്രമല്ല ദിവസങ്ങള്‍ കഴിയുംതോറും ഈ തട്ടിപ്പിന്റെ വ്യാപ്തി കൂടി വരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അതിനാലാണ് ഇത്തരം ഫോണ്‍കോള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഇനി അഥവാ തട്ടിപ്പിനിരയായാല്‍ വൈകാതെ അധികൃതരെ സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: