കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റില്‍ സന്ദര്‍ശക നിയന്ത്രണം വരുന്നു

കോര്‍ക്ക് : ദിനം പ്രതി തിരക്ക് വര്‍ദ്ധിച്ചു വരുന്ന കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനമായി. സ്വദേശികളും, വിദേശികളും, ഉള്‍പ്പടെ മാര്‍ക്കറ്റില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് മാനേജ്മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വിനോദ സഞ്ചാരികളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൂട്ടത്തോടെ സന്ദര്‍ശകരെ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് തിക്കും തിരക്കും വര്‍ദ്ധിക്കാനുള്ള കാരണമാകുന്നുവെന്ന് ട്രേഡ് കമ്മിറ്റി ചെയര്‍മാന്‍ ഒ കോണല്‍ വ്യക്തമാക്കി.

ഇനിമുതല്‍ കോര്‍ക്കിലെ ഇംഗ്ലീഷ് മാര്‍ക്കറ്റ് സന്ദര്‍ശിക്കാനെത്തുന്നവര്‍ മാര്‍ക്കറ്റ് മാനേജ്മെന്റില്‍ സന്ദര്‍ശന സമയം രജിസ്റ്റര്‍ ചെയ്യണം. ഒരേ സമയത്ത് ഒന്നിലധികം രജിസ്ട്രേഷന്‍ അനുവദനീയമല്ല. കൂട്ടത്തോടെ എത്തുന്നവര്‍ അഞ്ച് പേര്‍ അടങ്ങുന്ന ഓരോ ഗ്രുപ്പായി തിരിഞ്ഞ് വേണം മാര്‍ക്കറ്റില്‍ പ്രവേശിക്കേണ്ടത്.

2011 ല്‍ എലിസബത്ത് രാഞ്ജിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് കോര്‍ക്ക് ഇംഗ്ലീഷ് മാര്‍ക്കറ്റ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയത്. വ്യത്യസ്ത ഭക്ഷണ രുചികള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും പേരുകേട്ട ഈ മാര്‍ക്കറ്റ് ഒരു ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നു കഴിഞ്ഞു. തിക്കും തിരക്കും കൂടുന്നതനുസരിച്ച് സുരക്ഷിതത്വം കുറഞ്ഞ് വരുന്നതിനാലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ആളുകള്‍ കൂടുമ്പോള്‍ തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തതാണ് മാര്‍ച്ച് ഒന്ന് മുതലുള്ള ഈ നടപടി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: