വരേദ്കര്‍ നേതൃസ്ഥാനത്തിന് ചരട് വലിക്കുന്നു; സ്വവര്‍ഗാനുരാഗം അയര്‍ലണ്ടില്‍ വിടരുമോ ?

നേതൃസ്ഥാനത്ത് നിന്നും എന്‍ഡാ കെന്നി ഒഴിയുമെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ സ്വാഭാവികമായും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യം തീര്‍ത്തും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ ഏറ്റവും സാധ്യത കല്പിക്കുന്ന പട്ടികയില്‍ ഏറ്റവും മുന്നില്‍ സാമൂഹികസുരക്ഷാ മന്ത്രി ലിയോ വരേദ്കര്‍ ആണ്. അതേസമയം പ്രാധാന്യം കല്പിക്കപ്പെടുന്ന മറ്റൊരാള്‍ ഭവനമന്ത്രി സൈമണ്‍ കോവ്നിയുമാണ്.

ഒരാഴ്ചയ്ക്കിടെ പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ ഫൈന്‍ ഗെയ്ല്‍ നേതാവായി ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് വരേദ്കറിന്റെ പേരാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം നേതൃസ്ഥാനത്തിന് വിലങ്ങുതടിയായിരിക്കുകയാണ് ഇപ്പോള്‍. സ്വവര്‍ഗാനുരാഗിയായ വരേദ്കറിനെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ ഫൈന്‍ ഗെയ്ലിന്റെ മുന്നിലുള്ള പ്രധാന വെല്ലിവിളിയും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം തന്നെയാണ്. നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തെ നിര്‍ദ്ദേശിക്കപ്പെടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വരേദ്കറിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ കൂടുതലായി പുറത്തുവരാന്‍ തുടങ്ങിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മാറ്റ് ബാരറ്റ് എന്ന യുവ ഡോക്ടര്‍ വരേദ്കറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിയതോടെയാണ് ഇത്തരം വാര്‍ത്തകള്‍ സജീവമായത്.

സ്വവര്‍ഗ വിവാഹത്തിന് അയര്‍ലണ്ടില്‍ നിയമ സാധുത ലഭിക്കാന്‍ പ്രധാന കാരണം വരേദ്കര്‍ ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വവര്‍ഗാനുരാഗിയായ വരേദ്കര്‍ അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന നോട്ടത്തിലാണ് ഐറിഷ് ജനത. യൂറോപ്പില്‍ നിലവില്‍ ബെല്‍ജിയം, ലക്‌സംബര്‍ഗ്, ഐസ്ലാന്‍ഡ്, എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിമാരാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ അയര്‍ലന്റിലെ അത്തരം ഒരാള്‍ ഭരണം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും കത്തോലിക് വിശ്വാസ പ്രമാണങ്ങള്‍ അനുസരിക്കുന്ന ഭൂരിഭാഗം ആളുകളുള്ള അയര്‍ലണ്ടില്‍ പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ ഇത്തരക്കാര്‍ വേണ്ടെന്ന് വാദിക്കുന്നവരും കുറവല്ല.

സൈമണ്‍ കോവ്നിക്കൊപ്പം വരേദ്കര്‍ അധികാരം പങ്ക് വെയ്ക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അതിനോട് തനിക്ക് താത്പര്യമില്ലെന്ന് വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്തിടെ പ്രമുഖ ഐറിഷ് മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയില്‍ വരേദ്കര്‍ മുന്നിലെത്തിയിരുന്നു. 30 ശതമാനത്തോളം പേരുടെ പിന്‍തുണ അദ്ദേഹത്തിനുണ്ട്. തൊട്ടുപുറകിലായി സൈമണ്‍ കോവ്നിക്ക് 27 ശതമാനം ജനപിന്തുണ ഉണ്ട്. നേരത്തെ ഇത് 29 ശതമാനമായിരുന്നു. അതേസമയം വരേദ്കര്‍ക്ക് ജനങ്ങളോട് ഒന്നേ പറയാനുള്ളു- ‘എന്റെ വ്യക്തി ജീവിതം രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കരുത്.’

 

 
എ എം

Share this news

Leave a Reply

%d bloggers like this: