ബക്കിങ്ങാം പാലസില്‍ ഇന്ത്യക്ക് ആദരം; അഥിതികളിൽ സുരേഷ് ഗോപിയും കമലഹാസനും

 

ലണ്ടന്‍: ഇന്ത്യ-യുകെ സാംസ്‌കാരിക വര്‍ഷാചരണത്തിന് തുടക്കം കുറിച്ച ഇന്നലെ രാത്രിയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം പാലസില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപിക്കും കമല്‍ഹാസനും ലഭിച്ചത് എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കുള്ള അസുലഭ അവസരം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘത്തിലെ ഗ്ലാമര്‍ താരങ്ങളും ഇവര്‍ തന്നെയായിരുന്നു.

ഇതു മനസിലാക്കി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും കൊട്ടാരം അധികൃതരും പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു. ഇരുവരുമായും ഏതാനും മിനിറ്റ് സംസാരിച്ച രാജ്ഞി, ”താന്‍ അണിഞ്ഞിരുന്ന കാവി കോട്ട് നന്നായിരിക്കുന്നു”എന്ന് പറഞ്ഞതായി സുരേഷ് ഗോപി പറഞ്ഞു. ജീവിതത്തിലെ അസുലഭമായ നിമിഷങ്ങളിലൊന്നായിരുന്നു എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച.

പാര്‍ലമെന്റംഗം കൂടിയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ഏതു മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ചോദിച്ചു. സിനിമാനടനെന്ന പേരില്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതാണെന്ന് പറഞ്ഞപ്പോള്‍ ”സെനറ്റംഗമാണല്ലേ” എന്നായിരുന്നു രാജ്ഞിയുടെ പ്രതികരണം.

പിന്നീട് എല്ലാവരോടുമൊപ്പം വിരുന്നുസല്‍ക്കാരത്തിനിടെ കണ്ടപ്പോള്‍ മുമ്പുകണ്ട പരിചയം ഓര്‍ത്തെടുത്ത് വീണ്ടും സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ ഇന്ത്യയെ പ്രതിനീധികരിച്ചത്. ഒരുവര്‍ഷം നീളുന്ന സാംസ്‌കാരിക വാര്‍ഷികാചരണത്തിനാണ് ഇന്നലെ കള്‍ച്ചറല്‍ ഫെസ്റ്റോടെ തുടക്കം കുറിച്ചത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വൈ.കെ. സിന്‍ഹയുടെ നേതൃത്വത്തിലുള്ള നയതന്ത്രപ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

തെരേസ മേ മന്ത്രിസഭയില്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ ചുമതലവഹിക്കുന്ന ഇന്ത്യന്‍ വംശജയായ കാബിനറ്റ് മന്ത്രി പ്രീതി പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനെ പ്രതിനീധികരിച്ച് ഫെസ്റ്റില്‍ പങ്കെടുത്തത്. ഇരു രാജ്യങ്ങളില്‍നിന്നുള്ള 220 പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലുള്ള സഹകരണവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികമായ 2017 ഇന്ത്യ യുകെ സാംസ്‌കാരിക വര്‍ഷമായി ആഘോഷിക്കുന്നത്.

https://youtu.be/DbaA_LMz6m0


എ എം

 

Share this news

Leave a Reply

%d bloggers like this: