കോര്‍ക്കില്‍ വാടക വീടുകള്‍ക്ക് മതിയായ സുരക്ഷിതത്വം ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍

കോര്‍ക്ക്: കോര്‍ക്ക് കൗണ്ടിയില്‍ സ്വകാര്യ വാടക വീടുകള്‍ക്ക് സുരക്ഷിതത്വക്കുറവ് ഉണ്ടെന്നു റിപ്പോര്‍ട്ട്. ലോക്കല്‍ അതോറിറ്റി നാലുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന പരിശോധനയില്‍ 97 ശതമാനം വീടുകളിലും സുരക്ഷാ വീഴ്ച കണ്ടെത്തി. ഉയര്‍ന്ന വാടക ഈടാക്കുന്ന വീടുകളില്‍ മനുഷ്യവാസത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഇല്ലെന്നും കണ്ടെത്തപ്പെട്ടു.

2015-ല്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 65 ശതമാനം വീടുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്ന റിപ്പോര്‍ട്ടില്‍ കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. കോര്‍ക്ക് കൗണ്ടിയില്‍ മാസം 1,100 യൂറോ വരെ വാടക നല്കുന്നവരുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റ് കൗണ്‍സിലര്‍ നോള്‍ കോളിന്‍സ് ആരോപിച്ചു. പല വീടുകളിലും വായു കടന്നു വരാന്‍ പോലും സൗകര്യമേര്‍പ്പെടുത്തിയിട്ടില്ല. ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, സ്മോക്ക് അലാം, സ്റ്റൗ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമില്ല. പല വീടുകളിലും ദിനം പ്രതി വെള്ളം പോലും ആവശ്യത്തിന് ലഭ്യമല്ലെന്നു കണ്ടെത്തുകയായിരുന്നു.

756 കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 733 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തി. മെച്ചപ്പെട്ട വാടക വീട് ലഭിക്കാത്തതിനാല്‍ ഉള്ളതുകൊണ്ട് സംതൃപ്തിപെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. കെട്ടിടത്തില്‍ പെട്ടെന്ന് ഒരു തീപിടുത്തമുണ്ടായാല്‍ രക്ഷനേടാനുള്ള പ്രാഥമിക സൗകര്യമില്ലാത്തത് വന്‍ വീഴ്ചയാണെന്ന് പരിശോധന സംഘം കണ്ടെത്തി. ഇത്തരം കെട്ടിട ഉടമകള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: