ലാന്‍ഡിംഗ് ഗിയര്‍ പിന്‍ എടുത്തുമാറ്റാന്‍ മറന്നു; കൊച്ചി വിമാനം അപകടത്തില്‍ നിന്നൊഴിവായത് തലനാരിഴക്ക്

എന്‍ജിനീയര്‍മാര്‍ ലാന്‍ഡിംഗ് ഗിയറിന്റെ പിന്ന് എടുത്തു മാറ്റാന്‍ മറന്നതിനെത്തുടര്‍ന്ന് ഡല്‍ഹി കൊച്ചി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പൈലറ്റ് അപകടം മനസിലാക്കിയതിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് സംഭവം. വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ ചക്രങ്ങള്‍ അകത്തേക്ക് പോകാതിരിക്കാനും തെന്നി മാറാതിരിക്കാനും ചക്രത്തില്‍ ഘടിപ്പിക്കുന്ന സംവിധാനമാണ് ലാന്‍ഡിംഗ് ഗിയര്‍ പിന്‍. ഇതാണ് ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് എടുത്ത് മാറ്റാന്‍ മറന്നത്.

വിമാനം റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് വായുവിലെത്തിയതോടെ ചക്രങ്ങള്‍ അകത്തേക്ക് പോകാതായതോടെ അപകടം മനസ്സിലാക്കിയ പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനം പരിശോധിച്ചപ്പോഴാണ് ലാന്‍ഡിങ് ഗിയറിന്റെ പിന്നെടുക്കാന്‍ വിട്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇത് നീക്കം ചെയ്ത് വിമാനം അധികം വൈകാതെ തന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടു. കൊച്ചിയിലെത്തിയ ശേഷം വിമാനത്തില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു.

ഗുരുതരമായ അനാസ്ഥവരുത്തിയതിനെ തുടര്‍ന്ന് തുടര്‍ന്ന് ഉത്തരവാദികളായ രണ്ടു എന്‍ജിനീയര്‍മാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡിജിസിഎ അറിയിച്ചു. എന്‍ജിനീയര്‍മാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെട്ട് തിരക്കിലായതാണ് പിന്ന് ഊരാന്‍ മറന്നുപോയതെന്നാണ് പ്രാഥമിക നിഗമനം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: