ഇന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് അവാര്‍ഡ് എടപ്പാള്‍ സ്വദേശി ഗോകുല്‍ വിഎസിന്

ഇന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ഗോകുല്‍ വിഎസ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഗോകുലിനെ മുംബൈ ഷണ്‍മുഖാനന്ദ സംഗീതസഭ നടത്തിയ മത്സരത്തിലാണ് മികച്ച വയലിനിസ്റ്റായി തെരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.പ്രഗത്ഭരായ മൂന്നോളം പേരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ചാണ് ഗോകുല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഈ ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയാണ് മാന്തടത്തിന് സമീപിക്കുന്ന ഗോകുല്‍ എന്ന വിദ്യാര്‍ത്ഥി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷണ്‍മുഖാനന്ദ സംഗീതസഭയുടെ ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഗോകുലിന് ലഭിക്കുന്നുണ്ട് .മികച്ച വയലിനിസ്റ്റുകളായ 50 പേര്‍ക്കാണ് ഓരോ വര്‍ഷവും ഇവര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് .കഴിഞ്ഞ മൂന്ന് വര്‍ഷവും ഗോകുല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട് .

വയലിന്‍ എന്ന വാക്കിന് കഴിഞ്ഞ നാല് വര്‍ഷമായി ഒരു അര്‍ത്ഥമെയുള്ളൂ .അതു ഗോകുലാണ് . ഗോകുലിന്റെ വയലിന്‍ ദൈവത്തിന്റെ സംഗീതമായി മാറുന്നത് അതിന്റെ അനിര്‍വചനീയമായ സൗന്ദര്യം കൊണ്ടാണ് . കഴിഞ്ഞ മൂന്നു വര്‍ഷമായി വയലിന്‍ മത്സരത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗോകുല്‍ ആയിരുന്നു ഒന്നാം സ്ഥാനം. അതായത് ഹാട്രിക് വിജയം . കഴിഞ്ഞ ജനുവരിയില്‍ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് ഗോകുല്‍ മല്‍സരിച്ചത് .പതിവ് തെറ്റിച്ചില്ല .വയലിനില്‍ ഗോകുല്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് .തുടര്‍ച്ചയായി നാല് തവണ വയലിനില്‍ ഒന്നാം സ്ഥാനം നേടുന്നു എന്ന അപൂര്‍വ്വ ബഹുമതിയും ഗോകുലിന്റെ പേരില്‍ തന്നെയായിരുന്നു .

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുള്‍പ്പെട്ട എടപ്പാള്‍ പൂക്കരത്തറ ഡി എച്ച് ഒ എച്ച് എസിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ പിതാവിന്റെ ജ്യേഷ്ഠ സഹോദരനായ ശ്രീ സുരേന്ദ്രന്‍ ആലംകോടിന്റെ കീഴിലാണ് വയലിന്‍ പഠനം തുടങ്ങിയത് .ഇടപ്പള്ളി അജിത്കുമാര്‍ ,പത്മശ്രീ എ കന്യാകുമാരി എന്നിവരുടെ കീഴില്‍ ഉപരിപഠനം നടത്തിയ ഗോകുല്‍ ഇതിനകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 200 ഓളം കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

വൈക്കം വിജയ ലക്ഷ്മി ,താമരക്കോട് കൃഷ്ണന്‍ നബൂതിരി, പാലക്കാട് കെ എസ് നാരായണസ്വാമി തുടങ്ങി സംഗിത ലോകത്തെ പ്രശസ്തര്‍ക്കൊപ്പം ഗോകുല്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട് .
ഈ മിടുക്കന് എം എസ് സുബ്ബലക്ഷ്മി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട് .
ചെന്നൈ, മധുരൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചേരി അവതരിപ്പിച്ച ഗോകുല്‍ പഠനത്തിലും ഏറെ മുന്നിലാണ് . സംഗീതാധ്യാപകരായ ഷൈലേഷ്‌കുമാര്‍ – ഗീത ദമ്പതികളുടെ മകനാണ് ഗോകുല്‍ .

 

എ എം

Share this news

Leave a Reply

%d bloggers like this: