കാശ്മീരില്‍ ജലവൈദ്യുത പദ്ധതിയാരംഭിക്കാനൊരുങ്ങി ഇന്ത്യ; പാകിസ്താനുമായി പുതിയ യുദ്ധത്തിന് സാധ്യത

ജമ്മു കശ്മീരില്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി ഇന്ത്യ. 15 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ജലവൈദ്യുത പദ്ധതികളാണ് ഇന്ത്യ ആരംഭിക്കാന്‍ പോകുന്നത്. പാകിസ്താനിലേക്ക് ഒഴുകുന്ന നദികളില്‍ നിര്‍മ്മിക്കാന്‍ പോകുന്ന വൈദ്യുതനിലയങ്ങള്‍ നദിയുടെ ഒഴുക്ക് തടയുമെന്ന ഇസ്ലാമാബാദിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യ വിരുദ്ധ തീവ്രവാദികളെ പാകിസ്താന്‍ നിയന്ത്രിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യ നദികള്‍ പങ്കിടുന്ന കാര്യത്തില്‍ സഹകരിക്കൂ എന്ന് കഴിഞ്ഞ വര്‍ഷം മോദി അറിയിച്ചിരുന്നു. സിന്ധു നദിയും അതിന്റെ പോഷകനദികളും പങ്കിടുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ലോകബാങ്ക് മധ്യസ്ഥതയിലുള്ള സന്ധിയനുസരിച്ച് പാകിസ്താന്‍ ഇതില്‍ പല പദ്ധതികളെയും എതിര്‍ത്തിരുന്നു. പാകിസ്താന്റെ 80% കൃഷിയും ഈ നദികളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് പാകിസ്താന്റെ എതിര്‍പ്പിനു കാരണം.

1856 മെഗാവാട്ട് വൈദ്യുതിയുല്‍പാദിപ്പിക്കാന്‍ കഴിവുള്ള സാവല്‍കോട്ട് ജലവൈദ്യുത പദ്ധതിയാണ് ഇവയില്‍ ഏറ്റവും വലുത്. ഇത് പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. കശ്മീരിലെ ആറ് ജലവൈദ്യുത പദ്ധതികള്‍ പാരിസ്ഥിതിക അനുമതി നേടിയവയാണ് എന്ന് ജലവിഭവ മന്ത്രാലയവും കേന്ദ്ര വൈദ്യുതി മന്ത്രാലയവും പറയുന്നു. സിന്ധുവിന്റെ പോഷകനദിയായ ചെനാബില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ പദ്ധതികള്‍ ജമ്മു-കശ്മീരിലെ ജലവൈദ്യുത ഉല്‍പാദനം മൂന്നിരട്ടിയാക്കും എന്നാണ് കണക്കുകൂട്ടല്‍.

ഏഴോ എട്ടോ ജലവൈദ്യുതപദ്ധതികള്‍ ഇന്ത്യ ഒരുമിച്ച് ആരംഭിക്കുന്നു എന്നത് സ്വാഭാവികമായും പാകിസ്താന് ആശങ്കയുണ്ടാക്കുന്നതാണ്. കാലാവസ്ഥാവ്യതിയാനം, കാലഹരണപ്പെട്ട കൃഷിരീതികള്‍, കൂടുന്ന ജനസംഖ്യ എന്നീ കാരണങ്ങള്‍ കൊണ്ട് പാകിസ്താന്‍ ജലലഭ്യത ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ വര്‍ഷം ഉറിയിലെ പാക് തീവ്രവാദാക്രമണത്തെത്തുടര്‍ന്ന് ”ചോരയ്ക്കും വെള്ളത്തിനും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല” എന്ന് മോദി പറഞ്ഞിരുന്നു. സിന്ധു നദീ സന്ധി ഇന്ത്യ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്ന് മോദി സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഉറി ആക്രമണത്തോടെയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: