ഹോളി ആഘോഷിക്കാനെത്തിയ ഐറിഷ് വനിത ലൈംഗീക പീഡനത്തിനിരയായി മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ഗോവയില്‍ ഹോളി ആഘോഷിക്കാനെത്തിയ ഐറിഷ് വനിത ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നു. കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതിയെ ഒരാള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. യുവതി അയാളെ തിരിഞ്ഞു നോക്കുന്നതും വീഡിയോയില്‍ കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വികാത് ഭഗത് എന്നയാളെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഡാനിയല്‍ മെക് ലാഫിലിന്‍ എന്ന ഐറിഷ് യുവതിയെയാണ് റിസോര്‍ട്ടില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ബീച്ചില്‍ ഉപേക്ഷിച്ചത്. മൃതദേഹം പൂര്‍ണമായും രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ത്യന്‍ പീനല്‍കോഡ് 302ാം സെക്ഷന്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിച്ച ആറ് പേരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആന്തരഅവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വ്വകലാശാലിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതായി മെക് ലാഫിലിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പറയുന്നുണ്ട്. ഹോളി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു ഡാനിയല്‍. ആഘോഷം കഴിഞ്ഞ് അന്ന് രാത്രിയാണ് ഡാനിയല്‍ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് പീഡനത്തിനിരയായത്.

സ്ഥലത്തെ പ്രധാന കള്ളനാണ് അറസ്റ്റ് ചെയ്യപ്പെട്ട വികാതെന്ന് പൊലീസ് പറയുന്നത്. ഇയാള്‍ ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. തന്റെ ഐഡന്റിറ്റി പുറത്താകാതിരിക്കാനാണ് ഡാനിയേലയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവിയില്‍ കാണുന്ന യുവാവിന് കൊലപതാകത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഗോവയില്‍ ആദ്യമായാണ് ഡാനിയേല വിനോദ സഞ്ചാരത്തിനെത്തുന്നത്. ഗോവയിലേക്കുള്ള യാത്രയെക്കുറിച്ച് ഫെബ്രുവരിയില്‍ യുവതി ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. മറ്റൊരു സാഹസിക യാത്രയ്ക്ക് താന്‍ തയ്യാറെടുക്കുന്നു എന്നായിരുന്നു ആ പോസ്റ്റ്. തനിക്ക് പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ക്ക് യുവതി നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

15 വര്‍ഷം മുമ്പ് സമാനമായ സംഭവം ഗോവ ബീച്ചില്‍ നടന്നിരുന്നു. 2008 ഫെബ്രുവരി 19നാണ് ബ്രിട്ടീഷ് പെണ്‍കുട്ടിയായ സ്‌കാര്‍ലെറ്റ് സ്‌കീലിംഗിനെ ഗോവയിലെ അഞ്ജുന ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


എ എം

Share this news

Leave a Reply

%d bloggers like this: