വൈഫൈയേക്കാള്‍ 100 മടങ്ങ് വേഗമുള്ള ഇന്‍ഫ്രാ റെഡ് വൈഫൈ സംവിധാനം വികസിപ്പിച്ചു

നൂറുമടങ്ങ് വേഗതയുള്ള പുതിയ വൈഫൈ സംവിധാനവുമായി നെതര്‍ലന്‍ഡ് ഗവേഷകര്‍. കൂടുതല്‍ ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനാകുന്ന പുതിയ വൈഫൈ സംവിധാനം ശരീരത്തിന് ഹാനികരമല്ലാത്ത ഇന്‍ഫ്രാറെഡ് വികിരണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.

വളരെ കുറഞ്ഞ ചിലവില്‍ നിലവിലുള്ളതിനേക്കാള്‍ കുടുതല്‍ ദൂരത്തില്‍ എത്തിക്കാവുന്ന ഈ വൈഫൈ ഒപ്റ്റിക്കല്‍ ഫൈബര്‍, ലൈറ്റ് ആന്റിനകള്‍ എന്നിവ അടങ്ങുന്നതാണ്. ഏകദേശം 40 ജിഗാബൈറ്റ് വോഗതയുള്ള വൈഫൈ ഇന്‍ഡോഫിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് കണ്ടുപിടിച്ചത്. ഇതുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗത ലഭിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

ഒരേ സമയം എത്ര പേര്‍ നെറ്റ് വര്‍ക്ക് ഷെയര്‍ ചെയ്താലും വേഗതയില്‍ കാര്യമായ കുറവുണ്ടാകില്ലെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും കുറഞ്ഞ വേഗത മൂലം പലരും വൈഫൈ കണക്ഷന്‍ ഒഴിവാക്കി വയേര്‍ഡ് കണക്ഷനുവേണ്ടി ശ്രമിക്കുകയാണ് പതിവ്. കൂടാതെ വയര്‍ലെസ് രീതിയില്‍ കണക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കപ്പെടുന്നുവെന്ന പരാതിയും വ്യാപകമാണ്. ഇതിനെല്ലാം പരിഹാരമായാണ് ശാസ്ത്രജ്ഞന്മാര്‍ ഈ സാങ്കേതിക വിദ്യ മുന്നോട്ടു വെയ്ക്കുന്നത്.

നിലവിലുള്ളതിനേക്കാള്‍ 100 മടങ്ങ് അധിക വേഗതയുള്ള പുതിയ വൈഫൈ സംവിധാനത്തില്‍ 1,500 നാനോമീറ്റര്‍ മുതലുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിക്കുന്നു. 200 ടെറാഹെട്‌സ് ആണ് ഇവയുടെ തരംഗ ദൈര്‍ഘ്യം. അതിനാല്‍ ഡേറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വളരെ കൂടുതലാണ്.

ശരീരത്തിന് തീര്‍ത്തും ഹാനികരമല്ലാത്ത രശ്മികള്‍ ഉപയോഗിക്കുന്നതിനാല്‍ കണ്ണുകള്‍ക്ക് ഇതുകൊണ്ട് യാതൊരു ഉപദ്രവും ഉണ്ടാകില്ലെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പ് നല്‍കുന്നു. നെറ്റ് വര്‍ക്കുമായി ഘടിപ്പിച്ച ഓരോ ഡിവൈസിന്റെയും പൊസിഷന്‍ ട്രാക്ക് ചെയ്ത് അവിടേക്ക് രശ്മികള്‍ എത്തിക്കാന്‍ സാധിക്കാം. ഇതിന്റെ വേവ് ലെങ്തും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ ഈ രീതി വാണിജ്യാടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപ്പാക്കി തുടങ്ങുമെന്നാണ് കരുതുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: