വന്യജീവി മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചതില്‍ പരക്കെ ആശങ്ക

ഡബ്ലിന്‍: അയര്‍ലണ്ടിലെ വന്യജീവി ട്രസ്റ്റിന്റെ കണക്കനുസരിച്ച് ഒരാഴ്ചക്കിടയില്‍ 15 തവണയാണ് കാട്ടുതീ പടര്‍ന്നു പിടിച്ചത്. ഇതില്‍ 8 എണ്ണം സംഭവിച്ചത് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന വനങ്ങളിലാണ്. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, ഗാല്‍വേ, ഡോനിഗല്‍, ലോത്ത്, മായോ കൗണ്ടികളില്‍പെട്ട പ്രദേശങ്ങളിലാണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. സ്വാഭാവികമായി ഉണ്ടായ തീയും, മനഃപൂര്‍വ്വം തീവെച്ചതുമായി രണ്ടുതരത്തിലുള്ള കാട്ടുതീയാണ് ഉണ്ടായിരുന്നതെന്ന് വൈല്‍ഡ് ട്രസ്റ്റിന്റെ പ്രസിഡന്റ് പാട്രിക്ക് ഫോഗാര്‍ട്ട് പ്രസ്താവിച്ചു.

വംശനാശ ഭീഷണി നേരിടുന്ന വന്യജീവികള്‍ തീയില്‍പെട്ട് ചത്തൊടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനടുത്ത് താമസമാക്കിയവരും ഇപ്പോള്‍ ആശങ്കയിലാണ്. തീ പടരുന്നത് പ്രദേശവാസികളുടെ ജീവനും, സ്വത്തും അപകടത്തില്‍പെടുന്നതിന് സാധ്യതയുണ്ട്. തീപിടുത്തമുണ്ടാകുമ്പോള്‍ ഫയര്‍ സര്‍വീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം നാശനഷ്ടങ്ങള്‍ കുറഞ്ഞുവെങ്കിലും ഇതൊരു നിസാര പ്രശ്നമല്ലെന്നും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് പറയുന്നു. ഇതിനെതിരെ ഗാര്‍ഡയുടെയും ദേശീയോദ്യാനം, വന്യജീവി സങ്കേതം എന്നിവയുടെ സംയുക്തമായ നടപടികള്‍ ആവശ്യമാണെന്നും ട്രസ്റ്റ് പറയുന്നു. കാട്ടുതീ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ ഉടന്‍തന്നെ സമൂഹ മാധ്യമങ്ങളിലൂടെയോ, വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ irishwildlife@iwt.ie എന്ന ഇമെയില്‍ വിലാസത്തിലോ വിവരം അറിയിക്കുകയും വേണം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: