ലോകമുത്തശ്ശി വിടവാങ്ങി, നൂറ്റിപതിനേഴാം വയസില്‍

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എമ്മ മൊറാനോ നൂറ്റിപ്പതിനേഴാം വയസില്‍ അന്തരിച്ചു. മൂന്നു നൂറ്റാണ്ടുകളിലായാണ് ഇറ്റലിക്കാരിയായ ലോകമുത്തശ്ശിയുടെ ജീവിതകാലം കടന്നുപോയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29ന് ജനിച്ച എമ്മ ഈ കാലഘട്ടത്തില്‍ ലോകത്തുണ്ടായ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായി. രണ്ടു ലോകമഹായുദ്ധങ്ങളും ആഗോള സാമ്പത്തികമാന്ദ്യവും 90 ഇറ്റാലിയന്‍ ഭരണകൂടങ്ങളും എമ്മയുടെ ആയുസില്‍ കടന്നു പോയി.

വിവാഹമോചനം നേടിയ ശേഷം 65ാം വയസു വരെ ഒരു ചണ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു എമ്മ. അതിനു ശേഷം ഒരു ഹോട്ടലില്‍ പാചകക്കാരിയായി. കഴിഞ്ഞ വര്‍ഷം ലോകമുത്തശ്ശി എന്ന പേരിനുടമയായിരുന്ന സൂസന്ന മഷാത്ത് മരിച്ച ശേഷം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ശേഷിച്ച കണ്ണി എമ്മയായിരുന്നു. എമ്മയും വിട പറഞ്ഞതോടെ നൂറ്റാണ്ടിലെ അവസാനത്തെ വ്യക്തിയും മണ്‍മറഞ്ഞു.

എമ്മ ജനിച്ച വര്‍ഷത്തിലാണ് ഇംഗ്ലീഷ് ചാനലിലൂടെ ആദ്യമായി മാര്‍ക്കോണി റേഡിയോ സംപ്രേക്ഷണം നടത്തിയത്. ഭക്ഷണകാര്യത്തില്‍ കൃത്യമായ ക്രമം പാലിച്ചിരുന്ന എമ്മ കുറച്ചു നാളുകളായി സാമൂഹികജീവിതത്തില്‍ നിന്ന് ഒതുങ്ങിക്കൂടിയിരുന്നു. കാഴ്ചക്കുറവും കേള്‍വിക്കുറവും അലട്ടിയത് ഈ ഒതുങ്ങിക്കൂടലിന് കാരണമായി.

അവസാനത്തെ കുറേ വര്‍ഷങ്ങള്‍ മുട്ട മാത്രമായിരുന്നു എമ്മയുടെ ഭക്ഷണം. ഒരു ദിവസം മൂന്നു മുട്ടയായിരുന്നു കഴിച്ചിരുന്നത്. രണ്ടെണ്ണം പച്ചയായും ഒരെണ്ണം പാകം ചെയ്തും. പച്ചക്കറികളും പഴങ്ങളും വളരെ കുറച്ചു മാത്രമേ അവര്‍ കഴിച്ചിരുന്നുള്ളൂവെന്ന് അവരുടെ ഡോക്ടര്‍ ബാവ പറയുന്നു. എമ്മ ഒരിക്കലും ആസ്പത്രിയില്‍ കഴിയാനാഗ്രഹിച്ചിരുന്നില്ലെന്നും പ്രത്യേക രീതിയിലുള്ള ആരോഗ്യ പരിരക്ഷയൊന്നും അവര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. എമ്മയുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാരണങ്ങള്‍ യൂണിവേഴ്സിറ്റികള്‍ പഠനവിഷയമാക്കിയിട്ടുണ്ട്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: