ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ മത്സര രംഗത്ത് പതിനൊന്നു പേര്‍. ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്. പതിനഞ്ചു വര്‍ഷത്തിനിടെ ആദ്യമായി തീവ്ര വലതുപക്ഷ പാര്‍ട്ടി നാഷണല്‍ ഫ്രന്റിന് ജയ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഇടം കിട്ടുന്ന തെരഞ്ഞെടുപ്പാണിത്. മരിന്‍ ലെ പെന്‍ ആണ് സ്ഥാനാര്‍ഥി.

സെന്‍ട്രിസ്റ്റ് സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണ്‍ ആണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു സ്ഥാനാര്‍ഥി. സെന്റര്‍ റൈറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഫ്രാന്‍സ്വ ഫില്ലന് ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനമാണ് പ്രവചിക്കപ്പെടുന്നത്.

ആദ്യ ഘട്ടത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍, കൂടുതല്‍ വോട്ട് കിട്ടുന്ന രണ്ടു പേര്‍ മേയ് ഏഴിനു നടക്കുന്ന രണ്ടാം ഘട്ടത്തില്‍ മുഖാമുഖം ഏറ്റുമുട്ടും.

ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായി നിലവിലുള്ള പ്രസിഡന്റ് മത്സര രംഗത്തില്ലാത്ത തെരഞ്ഞെടുപ്പുമാണിത്. സോഷ്യലിസ്റ്റ് പ്രതിനിധിയായി ഫ്രാന്‍സ്വ ഒളാന്ദിനു പകരം ബെനോ ഹാമന്‍ മത്സരിക്കുന്നു. മറ്റു സ്ഥാനാര്‍ഥികള്‍ ഴാങ് ലൂക് മെലെന്‍കോണ്‍, നഥാലി അര്‍തോഡ്, ഫ്രാന്‍സ്വ അലിന്യൂ, ഴാക്ക് ചെമിനാഡെ, നിക്കോളാസ് ഡ്യുപോന്റ്, ഴാങ് ലസാലെ, ഫിലിപ്പെ പൗടു എന്നിവരാണ്.

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 50,000ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. യാതൊരുവിധ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും ഇട നല്‍കാത്ത തരത്തിലുള്ള സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി മത്തിയാസ് ഫെക്കല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പു ദിവസം മാത്രമല്ല ഈ സുരക്ഷയെന്നും സുരക്ഷാ നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ ഫെക്കല്‍ ഫലപ്രഖ്യാപന ദിവസം വരെ ഈ സുരക്ഷ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

 
ഡികെ

Share this news

Leave a Reply

%d bloggers like this: