പ്രായമായവര്‍ക്ക് ചെറുപ്പം തിരിച്ചു പിടിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ്

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് അറിയാം. രക്തസമ്മര്‍ദമുള്ള മുതിര്‍ന്നവരില്‍ വ്യായാമത്തോടൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണഫലങ്ങള്‍ വയ്ക് ഫോറെസ്റ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഒരു പഠനം പരിശോധിച്ചു. വര്‍ക്ഔട്ട് ചെയ്യും മുന്‍പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു.

പ്രായമാകുംതോറും നമ്മള്‍ കഴിക്കുന്ന ആഹാരം തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വ്യായാമവും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ബീറ്റ്റൂട്ട് ജ്യൂസിന്റെ പങ്കും പരിശോധിക്കുന്ന ആദ്യ പഠനമാണിത്. 55-ഉം അതിന് മുകളിലും പ്രായമുള്ള 26 സ്ത്രീപുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇവര്‍ വ്യായാമം ചെയ്യാത്തവരും ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരും ആയിരുന്നു. രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുന്നവരും ആയിരുന്നു.

ട്രെഡ് മില്ലില്‍ അന്‍പത് മിനിറ്റ് നീളുന്ന നടത്തത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ബീറ്റ്റൂട്ട് ജ്യൂസ് സപ്ലിമെന്റ് ആറാഴ്ച ക്കാലം ദിവസം മൂന്നു തവണ വീതം ഇവര്‍ക്ക് നല്‍കി. പകുതി പേര്‍ക്ക് 560 മില്ലിഗ്രാം ബീറ്റ്റൂട്ട് ജ്യൂസ് സപ്ലിമെന്റും ബാക്കിയുള്ളവര്‍ക്ക് വളരെ കുറച്ചു മാത്രം നൈട്രേറ്റ് അടങ്ങിയ പ്ലാസിബോയും നല്‍കി. ഉയര്‍ന്ന അളവില്‍ ബീറ്ററൂട്ടില്‍ അടങ്ങിയ നൈട്രേറ്റ്, നൈട്രൈറ്റ് ആയും നൈട്രിക് ഓക്‌സൈഡ് ആയും മാറുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം കൂട്ടുന്നു. വിവിധ പ്രായത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ വ്യായാമം ചെയ്യാനും സാധിക്കുന്നു. നൈട്രിക് ഓക്‌സൈഡ് ശക്തിയേറിയ ഒരു തന്മാത്രയാണ്. ശരീരത്തില്‍ ആവശ്യമായ സ്ഥലത്ത് ഇത് ഓക്സിജന്‍ എത്തിച്ചു കൊടുക്കുന്നു പഠനത്തില്‍ പങ്കെടുത്തവരില്‍ ബീറ്റ്റൂട്ട് ജ്യൂസ് സപ്ലിമെന്റ് കുടിക്കും മുന്‍പ് നൈട്രൈറ്റിന്റെയും നൈട്രേറ്റിന്റെയും അളവ് തുല്യമായിരുന്നു.

എന്നാല്‍ ബീറ്റ്റൂട്ട് ജ്യൂസ് സപ്ലിമെന്റ് കുടിച്ച ഗ്രൂപ്പിന് വ്യായാമത്തിനു ശേഷം നൈട്രൈറ്റിന്റെയും നൈട്രേറ്റിന്റെയും അളവ് വളരെ കൂടുതല്‍ ആണെന്ന് കണ്ടു. ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ച ശേഷം വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തുന്നു. വ്യായാമം തലച്ചോറിലെ സൊമാറ്റോ മോട്ടോര്‍ കോര്‍ടെക്സ് എന്ന ഭാഗത്തെ ശക്തിപ്പെടുത്തുന്നു. ഇത് പേശികളുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന് ചെറുപ്പമേകാനും പേശികളുടെ ആരോഗ്യത്തിനും വ്യായാമം ചെയ്യും മുന്‍പ് ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും എന്ന് ജേര്‍ണല്‍ ഓഫ് ജെറന്റോളോജി യില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: