അന്റാര്‍ട്ടിക്കയിലെ ഹിമപാളിയില്‍ വലിയ വിള്ളല്‍; പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഗവേഷകര്‍

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഹിമപാളികളിലൊന്നില്‍ വിള്ളല്‍ രൂപപ്പെട്ടതായി ഗവേഷകര്‍. ദിനംപ്രതി വികസിച്ചുവരുന്ന വിള്ളല്‍ ഹിമപാളിയെ രണ്ടായി മുറിയുന്നതിന് ഇടയാക്കുമെന്നും ഇത് വലിയ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമുള്ള ഭീതിയിലാണ് ഗവേഷകര്‍.

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഹിമപാളികളിലൊന്നായ ലാര്‍സന്‍ സിയിലാണ് 178 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. അന്റാര്‍ട്ടിക് ഉപഭൂഘണ്ഡത്തിന്റെ കിഴക്കന്‍ തീരത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ ഭീമാകാരമായ ഹിമപാളിയില്‍ 2011 മുതല്‍ വിള്ളല്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് വിള്ളലിന്റെ നീളം കൂടിവന്നു. കഴിഞ്ഞ ഡിസംബര്‍-ജനുവരി മാസങ്ങള്‍ക്കിടയില്‍ മാത്രം 27 കിലോമീറ്ററാണ് വിള്ളല്‍ വര്‍ധിച്ചത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിള്ളലിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നത് നിന്നതായി ഗവേഷകര്‍ പറയുന്നു. എന്നാല്‍ വിള്ളലിന്റെ വീതി ദിവസം മൂന്ന് അടി വീതം വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ത്തന്നെ 1000 അടിയിലധികം വീതിയില്‍ വിള്ളല്‍ വലുതായിക്കഴിഞ്ഞു. മാത്രമല്ല, അടുത്തിടെ മഞ്ഞു പാളിയില്‍ മറ്റൊരു വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ആദ്യത്തെ വിള്ളലിനോടു ചേര്‍ന്നുള്ള പുതിയ വിള്ളല്‍ മഞ്ഞുപാളിയെ 14 കിലോമീറ്റര്‍ നീളത്തില്‍ ഒരു കഷ്ണമാക്കി തിരിക്കുന്നു.

പ്രൊജക്ട് മിഡാസ് എന്ന പേരില്‍ ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെ സംഘമാണ് മഞ്ഞുപാളിയില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. സ്വാന്‍സിയ യൂണിവേഴ്‌സിറ്റി, അബരിസ്റ്റ്‌വത്ത് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് സംഘത്തിലുള്ളത്. ഉപഗ്രഹങ്ങളില്‍നിന്ന് കിട്ടിയ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ വിള്ളലിനെക്കുറിച്ച് പഠനം നടത്തിയത്.

ഈ ഹിമപാളിക്ക് അടുത്തുള്ള മറ്റൊരു ഹിമപാളിയായ ലാര്‍സന്‍ ബി 2002ല്‍ വിള്ളല്‍ വീഴുകയും പിന്നീട് നശിച്ചുപോകുകയും ചെയ്തിരുന്നു. 1930 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടന്നിരുന്ന ഹിമപാളിയാണ് അന്ന് ഉരുകി ഇല്ലാതായത്. ഈ സ്ഥിതിതന്നെയാണ് ലാര്‍സന്‍ സിയ്ക്കും സംഭവിക്കുകയെന്ന് പ്രൊജക്ട് മിഡാസ് മേധാവി അഡ്രിയാന്‍ ലുക്മാന്‍ പറഞ്ഞു. 1995ല്‍ ലാര്‍സന്‍ എ ഹിമപാളിയും ഇതുപോലെ ഉരുകി ഇല്ലാതായിരുന്നു.

മഞ്ഞുപാളിയില്‍ ഉണ്ടായിരിക്കുന്ന വിള്ളല്‍ പൂര്‍ണമാവുകയും മഞ്ഞുപാളി രണ്ടായിത്തീരുകയും ചെയ്യുന്നതോടെ പരിസ്ഥിതിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇതോടെ മഞ്ഞുപാളിയുടെ പത്ത് ശതമാനത്തോളം ഭാഗം ഉരുകി വെള്ളമാകുമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

ഹിമപാളികള്‍ ഉരുകിമാറുന്നത് വലിയ പാരിസ്ഥിതികാഘാതമാണ് സൃഷ്ടിക്കുന്നത്. സമുദ്ര ജലനിരപ്പ് വര്‍ധിക്കുന്നതിന് ഇത് ഇടയാക്കുന്നു. ധ്രുവപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഞ്ഞിനെ തടുത്തു നിര്‍ത്തി മേഖലയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഇത്തരം മഞ്ഞുപാളികള്‍ക്ക് വലിയ പങ്കാണുള്ളത്. മഞ്ഞുപാളി ഇല്ലാതാകുന്നത് വലിയ തോതില്‍ മഞ്ഞുരുകുന്നതിനും മേഖലയില്‍നിന്ന് വലിയ ജലപ്രവാഹത്തിനും കാരണമാകും. അന്റാര്‍ട്ടിക് ഉപഭൂഘണ്ഡത്തിന്റെ ഭൂപ്രകൃതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ഗവേഷകനായ അഡ്രിയാന്‍ ലുക്മാന്‍ ചൂണ്ടിക്കാട്ടുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: