അയര്‍ലണ്ടിലെ പൊതു ആശുപത്രികളില്‍ ആരോഗ്യ സര്‍വേ ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ 40 പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ദേശീയ അടിസ്ഥാനത്തിലുള്ള ആരോഗ്യ സര്‍വേ ഉടന്‍ നടത്തുകയാണ്. 27,000 രോഗികളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന കണക്കെടുപ്പില്‍ ആശുപത്രിയില്‍ ലഭ്യമാകുന്നതും, അല്ലാത്തതുമായ സൗകര്യങ്ങളെക്കുറിച്ച് സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തണം. മേയ് മാസത്തില്‍ 24 മണിക്കൂറും ആശുപത്രികളില്‍ ചെലവിട്ട രോഗികള്‍ക്കാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രോഗികളോട് ആശുപത്രിയില്‍ പ്രവേശിച്ചത് മുതലുള്ള ചോദ്യങ്ങള്‍ ആയിരിക്കും ചോദിക്കുന്നത്.

ആശുപത്രി ജീവനക്കാരുടെ സഹകരണ നിലപാട് എത്രത്തോളമുണ്ടെന്നുള്ള ചോദ്യങ്ങളും ഉത്തരം നല്‍കേണ്ടി വരും. സര്‍വേ ഫോമുകള്‍ രോഗികള്‍ക്ക് പോസ്റ്റ് വഴി വീട്ടിലെത്തും. അഭിപ്രായം അറിയിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപെടുമെന്ന് സര്‍വേ നടത്തിപ്പ് ചുമതലയുള്ള പേഷ്യന്റ് ഫോക്കസ് അറിയിച്ചിട്ടുണ്ട്. സര്‍വേ വെബ്സൈറ്റിലൂടെ പുറത്തുവിടും.

ആശുപത്രികളിലെ സൗകര്യവും, അസൗകര്യവും രോഗികളില്‍ നിന്ന് തന്നെ നേരിട്ട് മനസിലാക്കുക എന്നതാണ് സര്‍വേയുടെ ലക്ഷ്യമെന്ന് പേഷ്യന്റ് ഫോക്കസിന്റെ സി.ഇ.ഒ ബ്രജിദ് ഡോഹോര്‍ത്തി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടാതെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ള രോഗികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍വേയില്‍ ഉള്‍പെടുത്താന്‍ കഴിയാത്തത് ആരോഗ്യ സര്‍വേ അപൂര്‍ണമാകുന്നതിന് കാരണമാകുമെന്ന് ഐറിഷ് പേഷ്യന്റ് അസോസിയേഷന്‍ പ്രതികരണം നടത്തി. എങ്കിലും ആശുപത്രിയിലുള്ള രോഗികളുടെ ശബ്ദം പുറത്തു കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമ്പോള്‍ ഈ ഉദ്യമത്തിന് സ്വാഗതം ചെയ്യുന്നുവെന്ന് രോഗികളുടെ സംഘടന അഭിപ്രായപ്പെട്ടു.

എ എം

Share this news

Leave a Reply

%d bloggers like this: