ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഭീഷണി; ഡബ്ലിനില്‍ നിന്നുള്ളവര്‍ സംശയത്തിന്റെ നിഴലില്‍; അയര്‍ലണ്ടില്‍ കനത്ത ജാഗ്രത

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അപ്രതീക്ഷിത ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ രാജ്യ സുരക്ഷാ കണക്കിലെടുത്ത് ഗാര്‍ഡയുടെ സ്പെഷ്യല്‍ ഡിക്ടറ്റീവ് യൂണിറ്റ് (എസ.ഡി.യു) നിരീക്ഷണം ശക്തമാക്കി. രാജ്യത്തിനകത്ത് സംശയാസ്പദമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലാണ്. തെക്കന്‍ ഡബ്ലിനിലും ഇന്നര്‍ സിറ്റി മേഖലയിലുമുള്ളവരുടെ ചലനങ്ങള്‍ ഗാര്‍ഡ യൂണിറ്റ് സശ്രദ്ധം വീക്ഷിച്ചു വരികയാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചിലര്‍ ശരിയായ ബിസിനസ്സ് താത്പര്യങ്ങളിലൂടെ ആര്‍ക്കും സംശയം ജനിപ്പിക്കാത്ത രീതിയില്‍ ധനശേഖരണം നടത്തിവരുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇയു പാസ്പോര്‍ട്ടുള്ള യുകെ ക്കാരും സംശയത്തിന്റെ നിഴലിലാണ്.

ഗാല്‍വേയിലും മായോവിലും ഭീകരാക്രമണ ആസൂത്രണങ്ങള്‍ നടന്നുവരികയാണെന്നാണ് ഗാര്‍ഡയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് അഭയാര്‍ത്ഥി നിയന്ത്രണത്തിലൂടെ എത്തിയ ഗ്രൂപ്പുകളും പ്രത്യേക നിരീക്ഷണത്തിലാണ്. അടുത്തിടെ സ്വീഡനില്‍ ഉണ്ടായ ഭീകരാക്രമണ രീതിയില്‍ ആക്രമണം നടക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നു കഴിഞ്ഞു. ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ലാത്ത സ്വീഡനില്‍ ആക്രമണം നടന്നതില്‍ നിന്നും അയര്‍ലണ്ടില്‍ സമാനസംഭവം ഉണ്ടാകാനുള്ള സാധ്യത 90 ശതമാനം വരെ ഉണ്ടെന്ന് ഗാള്‍വേയിലെ ഇന്നലെ നടന്ന ഗാര്‍ഡ അസോസിയേഷന്റ സമ്മേളനത്തില്‍ വെച്ച് ഗാര്‍ഡ പോലീസ് അംഗം ജെയിംസ് മോറിസണ്‍ ആശങ്ക അറിയിച്ചിരുന്നു.

സ്വീഡനിലുണ്ടായ സംഭവത്തിനു ശേഷം ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നി പോലീസ് സുരക്ഷാ സേനയുടെ മീറ്റിങ്ങും വിളിച്ച് ചേര്‍ത്തിരുന്നു. അയര്‍ലന്റിന് നേരെയുള്ള ആക്രമണ സാധ്യത കുറവാണെങ്കിലും പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ലെന്ന് നിയമ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു.

രാജ്യം ഒരു ഭീകരാക്രമണ ഭീഷണി നേരിടേണ്ടി വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് സഭയില്‍ ടിഡിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്ന വേളയില്‍ പ്രധാനമന്ത്രി തന്നെയാണ് ഗാര്‍ഡയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ഡിക്ടറ്റീവ് യൂണിറ്റിന്റെ പ്രവര്‍ത്തനം വിശദീകരിച്ചത്. ഭീകരാക്രമണം തടയാന്‍ 2017 ജനുവരിയില്‍ 55 മില്യണ്‍ യൂറോ അനുവദിക്കപ്പെട്ടിരുന്നു. ഗാര്‍ഡയ്ക്ക് പരിശീലനം നല്‍കുന്നതിനും ഇത് ഉപയോഗിച്ച് വരികയാണ്. രാജ്യത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറിന്റ ബോണറ്റില്‍ ISIS, KILL എന്നിങ്ങനെ വാക്കുകള്‍ കാണപ്പെട്ടത് അടുത്തിടെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അവധി ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതലുള്ള വ്യാപാര സമുച്ഛയങ്ങള്‍, മാളുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി കഴിഞ്ഞു.

 
ഡികെ

Share this news

Leave a Reply

%d bloggers like this: