തോക്കിന്‍ മുനയില്‍ നിര്‍ത്തി പാക്കിസ്ഥാന്‍കാരന്‍ വിവാഹം കഴിച്ചതായി ഇന്ത്യന്‍ യുവതി; ഇന്ത്യയിലേക്ക് തിരികെപ്പോകാന്‍ സഹായം തേടി യുവതി ഹൈക്കമ്മീഷനില്‍

തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇന്ത്യന്‍ യുവതിയെ പാക്കിസ്ഥാന്‍ സ്വദേശി വിവാഹം കഴിച്ചതായി പരാതി. തന്നെ തിരികെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി യുവതി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കീഷനിലെത്തി. ഡല്‍ഹി സ്വദേശിനിയായ ഉസ്മയാണ് തന്നെ താഹിര്‍ ഖാന്‍ എന്ന പാക്കിസ്ഥാന്‍കാരന്‍ ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചെന്ന പരാതിയുയര്‍ത്തിയിരിക്കുന്നത്.

രാജ്യത്തേക്കു തിരികെ പോകാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഇവര്‍ പാക്കിസ്ഥാനിലെ ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയേയും സമീപിച്ചു. ”എനിക്ക് എന്റെ രാജ്യത്തേക്ക് സുരക്ഷിതമായി തിരികെ പോകണം” കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവതി പറയുന്നു. ഉസ്മയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് വാദം കേള്‍ക്കുന്നതിനായി ജൂലൈ 11ലേക്ക് മാറ്റി.

മലേഷ്യയില്‍ വച്ചാണ് താഹിര്‍ ഖാനുമായി യുവതി പരിചയത്തിലാകുന്നത്. പിന്നീട് തിരികെ ഇന്ത്യയിലെത്തിയിട്ടും ഇരുവരും സൗഹൃദം തുടര്‍ന്നു. പിന്നീട് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ താഹിര്‍ ഖാന്‍ യുവതിയെ ക്ഷണിക്കുന്നത് പതിവായി. ഇതുപ്രകാരം വാഗ അതിര്‍ത്തി മുറിച്ചുകടന്ന തന്നെ താഹിര്‍ ഖാന്‍ ഒരു കാറില്‍ കയറ്റിക്കൊണ്ടുപോകുകയും യാത്രാമധ്യേ ചില മരുന്നുകള്‍ നല്‍കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇതോടെ അബോധാവസ്ഥയിലായ ഉസ്മയ്ക്ക് പിറ്റേ ദിവസം 10 മണിയോടെയാണ് ബോധം തിരികെ കിട്ടിയത്. ഈ സമയം യുവതി താഹിര്‍ ഖാന്റെ വീട്ടിലായിരുന്നു. അന്ന് രാത്രി താഹിര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ബലാല്‍ത്സംഗം ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. പിറ്റേദിവസം താഹിറും കുടുംബാംഗങ്ങളും വൃത്തിഹീനമായ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തോക്ക് തലയില്‍ വെച്ച് വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വെയ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. കുറച്ചുദിവസത്തിന് ശേഷം താഹിറിന് മറ്റൊരു ഭാര്യയും നാല് കുട്ടികളുമുണ്ടെന്ന് ഉസ്മയ്ക്ക് മനസിലായി. ഇക്കാര്യം താന്‍ മനസിലാക്കിയതറിഞ്ഞ താഹിര്‍ തന്നെ മര്‍ദ്ദിക്കുന്നത് പതിവാക്കിയെന്ന് ഉസ്മ പരാതിയില്‍ പറയുന്നു.

ഇതിനിടെ ഉസ്മ വിവരമറിയിച്ചതനുസരിച്ച് ഡല്‍ഹിയിലുള്ള സഹോദരന്‍ പണം അയച്ചുകൊടുത്തു. താഹിറിന്റെ കണ്ണുവെട്ടിച്ച് ഈ പണം ഉപയോഗിച്ച് യുവതി ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെത്തുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: