ദക്ഷിണകൊറിയയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഉത്തരകൊറിയയുമായുള്ള സംഘര്‍ഷസാധ്യത നിര്‍ണ്ണായകമാകും

ദക്ഷിണകൊറിയയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണങ്ങളെ തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനിടെയാണ് രാജ്യം പുതിയ തലവനെ തേടി പോളിംഗ് ബൂത്തിലെത്തുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ക് ഗ്യുന്‍ ഹൈയെ ഇംപീച്ച് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. 13 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്.

ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാനാര്‍ത്ഥി മൂണ്‍ ജെ ഇന്‍, വലതുപക്ഷ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആന്‍ ചോള്‍ സൂ, ലിബര്‍ട്ടി കൊറിയ പാര്‍ട്ടിയുടെ ഹോങ് ജുന്‍ പ്യോ എന്നിവരാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാനാര്‍ത്ഥി മൂണ്‍ ജെ ഇന്‍-നാണ് ഇതുവരെയുള്ള അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം.

ഉത്തരകൊറിയയും അമേരിക്കയുമായുള്ള ബന്ധം, ഉപഭൂഖണ്ഡത്തിലെ സന്ദിഗ്ധാവസ്ഥ, രാജ്യത്തെ സാമ്പത്തിക അസ്ഥിരത, അധികാര മേഖലകളിലെ കുടുംബവാഴ്ച തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്.

അയല്‍ക്കാരായ ഉത്തരകൊറിയുമായി ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന പക്ഷക്കാരനാണ് മൂണ്‍ ജെ ഇന്‍. ഉപരോധമേര്‍പ്പെടുത്തിയതുകൊണ്ടു മാത്രം ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനാകില്ലെന്ന് മൂണ്‍ അഭിപ്രായപ്പെടുന്നു.

അഭിപ്രായസര്‍വെകളില്‍ രണ്ടാമതെത്തിയ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആന്‍ ചോള്‍ സൂ, ഡോക്ടറും സോഫ്റ്റവെയര്‍ ബിസിനസ്സ് പ്രമുഖനുമാണ്. ഉത്തരകൊറിയുമായി ബന്ധം വേണ്ടെന്ന പക്ഷക്കാരനാണ് ആന്‍. മേഖലയിലെ അമേരിക്കന്‍ ഇടപെടലിനെയും ആന്‍ പിന്തുണയ്ക്കുന്നു.

മുന്‍ പ്രസിഡന്റ് പാര്‍ ഗ്യുന്‍ ഹൈയുടെ പാര്‍ട്ടിയായ സീനുരി പാര്‍ട്ടിയാണ് ലിബര്‍ട്ടി കൊറിയ പാര്‍ട്ടി എന്ന പേരില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ഹോങ് ജുന്‍ പ്യോയെ ആണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നത്. ഉത്തരകൊറിയയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന അഭിപ്രായക്കാരനാണ് ഹോങ്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെപ്പോലെ പ്രകോപനപരമായ പ്രസംഗങ്ങളെത്തുടര്‍ന്ന് ഹോങ് ട്രംപ് എന്ന വിളിപ്പേരും അദ്ദേഹത്തിന് പതിഞ്ഞിട്ടുണ്ട്.

ബാല്യകാലസഖിയായ ചോയി സൂന്‍ സിലിന്, പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ അനധികൃതമായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കുകയും ഔദ്യോഗികരഹസ്യരേഖകള്‍ വരെ കൈമാറിയതായുമാണ് ആരോപണമുയര്‍ന്നത്. പ്രസിഡന്റുമായുള്ള അടുപ്പം മുതലെടുത്ത് ചോയി സൂന്‍, സര്‍ക്കാര്‍ വിദേശ ഫണ്ടുകള്‍ വകമാറ്റി അവിഹിതസ്വത്ത് സമ്പാദിച്ചതായും, ഇതിന് പാര്‍ക് കൂട്ടുനിന്നതായുമായാണ് ആരോപണം. പ്രസിഡന്റിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിയിരുന്നു.

ഇതേത്തുടര്‍ന്ന് കൊറിയന്‍ പാര്‍ലമെന്റ് പാര്‍കിനെ പ്രസിഡന്റ് പദവിയില്‍ നിന്നും ഇംപീച്ച് ചെയ്യുകയായിരുന്നു. പാര്‍ലമെന്റിന്റെ ഇംപീച്ച്‌മെന്റ് നടപടി ദക്ഷിണകൊറിയന്‍ ഭരണഘടനാ കോടതി ശരിവെയ്ക്കുകയും, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: