ഭവനപദ്ധതികള്‍ പുരോഗതി പ്രാപിക്കുമ്പോള്‍ തെരുവില്‍ കഴിയുന്നത് 2700 കുട്ടികള്‍

ഡബ്ലിന്‍: ഭവനപദ്ധതികള്‍ ഒരു വശത്ത് പുരോഗതി കൈവരിക്കുമ്പോള്‍ ഭവനരഹിതരുടെ എണ്ണത്തില്‍ കുറവ് വരാത്തത് ആശങ്കാജനകമാണെന്ന് ഭവനരഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ഭവനരഹിതര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നു ഭവനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ തന്നെ തെളിയിക്കാന്‍ കഴിയുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്നര്‍സിറ്റി ഹെല്പിങ് ഹോംലെസ്സ് ചൂണ്ടിക്കാണിക്കുന്നു.

ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് മുതിര്‍ന്നവര്‍ 4972 പേരും, കുട്ടികള്‍ 2708 ഉം ഉള്‍പ്പെടെ 7680 പേരാണ് വീടില്ലാതെ രാജ്യത്ത് അലഞ്ഞുനടക്കുന്നവരില്‍ കുട്ടികളുടെ എണ്ണം പരിഗണിച്ചാല്‍ വീടില്ലാത്ത കുട്ടികളില്‍ 2262 പേരും ഡബ്ലിനില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം ഡബ്ലിനിലെ എമര്‍ജന്‍സി അക്കൊമൊഡേഷനും മറ്റ് പൊതു താമസ കേന്ദ്രങ്ങളും നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് 12 കുടുംബങ്ങള്‍ ഗാര്‍ഡ സ്റ്റേഷനില്‍ അഭയം തേടിയിരുന്നു.

രാഷ്ട്രീയ നേതൃത്വത്തെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ എത്രയോ രൂക്ഷമാണെന്ന് കാണിക്കുന്നതായിരുന്നു ഈ സംഭവം. ദിനംപ്രതി തെരുവിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന പ്രവണതയാണ് കാണാന്‍ കഴിയുന്നതെന്ന് ഇന്നര്‍സിറ്റി ഹെല്പിങ് ഹോംലെസ്സ് സി.ഇ.ഓ ആന്റണി ഫ്‌ളിനാല്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി. ഏപ്രില്‍ അവസാനത്തോടെ 870 കുടുംബങ്ങളെ ഡബ്ലിനിലെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്നു. ഡബ്ലിനിലെ എമര്‍ജന്‍സി അക്കോമഡേഷനില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് കഴിഞ്ഞ മാസത്തോടെ വര്‍ദ്ധിച്ചിട്ടുണ്ട്.

ഗാല്‍വേ, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ വീടില്ലാത്തവര്‍ക്ക് താമസ ലഭ്യമാകുമ്പോള്‍ ഡബ്ലിനില്‍ അനുഭവപ്പെടുന്ന തിരക്ക് രൂക്ഷമായി തുടരുകയാണ്. തലസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന 30000 ത്തോളം വീടുകളും, അപ്പാര്‍ട്‌മെന്റുകളും താമസയോഗ്യമാക്കാന്‍ ഭവനമന്ത്രാലയം കാണിക്കുന്ന അലംഭാവമാണ് ഭവനരഹിതര്‍ക്ക് തിരിച്ചടിയാകുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: