കേരളത്തില്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു, ത്രിസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്

പുതിയ മദ്യനയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. യുഡിഎഫ് മദ്യനയം മൂലം കേരളത്തില്‍ ലഹരി ഉപയോഗം കൂടിയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി യുഡിഎഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്നും പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധന പ്രായോഗികമല്ലെന്നും മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് കൂടുതല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രിം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ടൂസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. കള്ളുവില്‍പ്പന വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. മദ്യം ഉപയോഗിക്കുന്നതിലൂള്ള പ്രായപരിധി 21ല്‍ നിന്നും 23 ആക്കുകയും ചെയ്തു. ബാറുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. നിലവില്‍ പന്ത്രണര മണിക്കൂര്‍ എന്നത് 12 മണിക്കൂറാക്കി ചുരുക്കി. രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാകും ഇനി സംസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഇത് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ്. ടൂറിസം മേഖലയില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 ല്‍ നിന്നും 23 ആക്കി.

വിമാനത്താവളങ്ങളിലെ ആഭ്യന്തര ലോഞ്ചുകളില്‍ ഇനി മുതല്‍ മദ്യം ലഭിക്കും. അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തും. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടി. അഞ്ച് ലക്ഷം രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

വിമുക്തി എന്ന പേരില്‍ നടത്തുന്ന മദ്യവര്‍ജ്ജന കാംപെയിന്‍ അത് തുടരും. അതിന്റെ പ്രവര്‍ത്തനം വിപുലമാക്കും. മദ്യാസക്തിക്ക് അടിപ്പെട്ട് പോകുന്നവര്‍ക്ക് മോചനത്തിനായി ചികിത്സാ സൗകര്യം ഒരുക്കും. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. എല്ലാ ജില്ലകളിലും ആരോഗ്യ-എക്സൈസ് വകുപ്പുകള്‍ ചേര്‍ന്ന് ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും. നിലവിലുള്ളവ ശക്തിപ്പെടുത്തും. മദ്യാസക്തിക്ക് അടിപ്പെട്ടവരെ പുനരധിവസിപ്പിക്കും. ഇതിനായി മാതൃകാ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും.

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതിന് പിന്നാലെ 27 ഫൈവ് സ്റ്റാര്‍ ബാറുകളും 33 ക്ലബുകളും മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. നിയമതടസമില്ലാത്ത ബാറുകള്‍ തുറക്കുന്നതോടെ ഈ സ്ഥിതിയാണ് മാറുന്നത്.

2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്.

തുടര്‍ന്ന് 2014 ഒക്ടോബര്‍ 30ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകളും പൂട്ടി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. പിറ്റേന്നത്തെ ഡിവിഷന്‍ ബെഞ്ച് വിധിപ്രകാരം പൂട്ടിയ 250 ബാറുകളും പിന്നീട് കോടതി അനുമതി നല്‍കിയ 12 ബാറും തുറന്നു. 2015 മാര്‍ച്ച് 31 വരെ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് വന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ എക് സൈസ് പൂട്ടി മുദ്രവെച്ചു. 137 ചില്ലറ മദ്യവില് പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമാണ് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: