സ്വത്തിന്റെ പിന്‍തുടര്‍ച്ചാവകാശം വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ലഭിക്കും: ഹൈക്കോടതി

സ്വത്തിന്റെ പിന്‍തുടര്‍ച്ചാവകാശം വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ലഭ്യമാണെന്നു ഹൈക്കോടതി. പൗരോഹിത്യത്തില്‍ പ്രവേശിക്കുന്ന ഒരാള്‍ ‘സിവില്‍ മരണം’ പ്രാപിക്കുമെന്നു കരുതുന്നതു ഭരണഘടനാ വിരുദ്ധമാണ്. ജീവിച്ചിരിക്കെ ശമ്പളമുള്ള ജോലി ചെയ്യാനും മറ്റും വിലക്കില്ലാത്ത വ്യക്തിക്ക് പിന്‍തുടര്‍ച്ചാവകാശത്തിന്റെ കാര്യത്തില്‍ മാത്രം വ്യക്തിപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ‘സിവില്‍ മരണം’ എന്നു ചിന്തിക്കുന്നതു വിചിത്രമാണെന്നു കോടതി വ്യക്തമാക്കി.

കത്തോലിക്ക വൈദികനായ പരേതനായ മോണ്‍. സേവ്യര്‍ ചുള്ളിക്കലും മറ്റു മൂന്നുപേരും 2000ല്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണു ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി. ഹിന്ദു സന്യാസിയോ ക്രിസ്ത്യന്‍ വൈദികനോ കുടുംബപരമായ ബന്ധങ്ങള്‍ വേര്‍പെടുത്തുമെന്നതു ഹിന്ദു നിയമങ്ങളോ കാനോനിക നിയമമോ അനുസരിച്ചു ശരിയാകാം. എന്നാല്‍ പിന്തുടര്‍ച്ച സംബന്ധിച്ചു ക്രിസ്ത്യാനികള്‍ക്കു ബാധകമായ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും ഹിന്ദുക്കള്‍ക്കു ബാധകമായ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമവും നിലവില്‍ വന്നതോടെ ചിത്രം മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണെന്നു മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യം ഉള്‍പ്പെടെ വ്രതങ്ങള്‍ വരിച്ചാലും ക്രിസ്ത്യന്‍ വൈദികനോ കന്യാസ്ത്രീക്കോ പിന്തുടര്‍ച്ചാവകാശം ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പിന്‍തുടര്‍ച്ചാവകാശ നിയമ തത്വങ്ങളില്‍ മാറ്റമില്ലെന്നു കോടതി വ്യക്തമാക്കി.

 

 
എ എം

Share this news

Leave a Reply

%d bloggers like this: