അയര്‍ലണ്ടില്‍ താപനില ഉയരുന്നു; അഞ്ച് കൗണ്ടികളില്‍ യെല്ലോ വാണിങ്

അയര്‍ലണ്ട് ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കാലാവസ്ഥ വിദഗ്ദര്‍ അറിയിച്ചു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാം. ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, വിക്ലോ, മീഥ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. സൂര്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈകുന്നേരം ആറ് മണിവരെ മെറ്റ് ഐറാന്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടിയ താപനിലയില്‍ ഈ വര്‍ഷം ആദ്യമായി മെറ്റ് ഐറാന്‍ പ്രഖ്യാപിക്കുന്ന യെല്ലോ വാണിങാണ് ഇത്. അടുത്ത ചില ദിവസങ്ങള്‍ കൂടി ഉഷ്ണകാലാവസ്ഥ തുടരുമെന്നും അവര്‍ അറിയിച്ചു.

ചൂടില്‍ നിന്നും രക്ഷനേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ഇക്കാര്യത്തില്‍ പ്രധാനമാണ് ആഹാരം. നാം തെരഞ്ഞെടുക്കുന്ന ആഹാരത്തിലൂടെ ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ സാധിക്കും. ഇലക്കറികളും പച്ചക്കറികളും ആയിരിക്കണം കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. സാലഡ്, വെള്ളരിക്ക, കാരറ്റ് എന്നിവ ചൂടിനെ ചെറുക്കാന്‍ നല്ലതാണ്. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ വേനല്‍ക്കാലത്ത് കഴിയുന്നത്ര കുറയ്ക്കുന്നത് നന്നായിരിക്കും.

കൂടുതല്‍ വെയില്‍ കൊള്ളേണ്ടി വരുന്നവര്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയ ലോഷന്‍ പുരട്ടുന്നത് വളരെ നല്ലതാണ്.വെയിലത്ത് യാത്ര ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ ലോഷന്‍ ചര്‍മ്മത്തില്‍ പുരട്ടണം. എണ്ണമയമുള്ള ക്രീമുകള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

അയവുള്ളതും കനംകുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. വെയിലില്‍ നിന്ന് ജോലിചെയ്യുന്നവര്‍ ഇടയ്ക്കിടം നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുന്നതും പകല്‍ സമയത്ത് പലതവണ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ചൂടിനെ ചെറുക്കും. ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.
എ എം

Share this news

Leave a Reply

%d bloggers like this: