അയര്‍ലണ്ടിലെ ഭവന വിലയില്‍ മാസം തോറും 2000 യൂറോയുടെ വര്‍ധനവ്

ദേശീയ അടിസ്ഥാനത്തില്‍ ശരാശരി വീടിന് അയര്‍ലണ്ടില്‍ ഈ വര്‍ഷം 240,000 യൂറോ വില വര്‍ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.7 ശതമാനം വര്‍ധനവ് ഭവന മേഖലയില്‍ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രാജ്യവ്യാപകമായി 4.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

സെന്‍ട്രല്‍ ബാങ്ക് ഡെപ്പോസിറ്റ് നിരക്കില്‍ വരുത്തിയിട്ടുള്ള ഇളവ് ഭവന വിലയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളേജ്ജ് ധനകാര്യ വിദഗ്ദന്‍ റോണന്‍ ലിയോണ്‍സ് വ്യക്തമാക്കി. ഡെപ്പോസിറ്റ് നിരക്കില്‍ കുറവ് വന്നതോടെ വീട് വാങ്ങാന്‍ ആവശ്യക്കാര്‍ കൂടിയതും തല്‍ഫലമായി മാര്‍ക്കറ്റില്‍ ഭവന ലഭ്യത കുറഞ്ഞതും വില വര്‍ധനയ്ക്ക് കാരണമായി. ഇപ്പോള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വില വര്‍ധനവ് കുറയാന്‍ സാധ്യത ഇല്ലെന്ന് സാമ്പത്തീക വിദഗ്ദനായ അദ്ദേഹം വ്യക്തമാക്കുന്നു.

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് ഡബ്ലിനിലെ ഭവന വില. ഡബ്ലിനില്‍ മൂന്നര ലക്ഷം യൂറോ വരെ ശരാശരി വില നല്‍കേണ്ടി വരും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ മാത്രമാണ് വിലയില്‍ അല്‍പം കുറവുള്ളത്. ഡബ്ളിനൊപ്പം ഗാല്‍വേ, ലീമെറിക്, കോര്‍ക്ക് എന്നിവിടങ്ങളിലും ഭവന വില ഉയര്‍ന്നു തന്നെ തുടരുകയാണ്. ഗാല്‍വേയില്‍ ശരാശരി വീടിന് 268,535 യൂറോ ചിലവ് വരുമ്പോള്‍ ലീമെറിക്ക്, വാട്ടര്‍ ഫോര്‍ഡ് എന്നിവിടങ്ങളില്‍ 231,328 യൂറോ വരെ ഭവന വില ഉയര്‍ന്നിട്ടുണ്ട്. അടുത്ത വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വന്‍ക്ഷാമം അനുഭവപ്പെടുമെന്നാണ് ഭവന മേഖലയിലെ വിദഗ്ധരുടെ പ്രവചനം. ഹൌസിങ് പോളിസികള്‍ പുതുക്കി പണിയുക മാത്രമാണ് ഈ അവസ്ഥയില്‍ ഏക പോംവഴിയെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: