മല്യയെ ഇന്ത്യക്ക് കൈമാറുന്ന കേസില്‍ ലണ്ടന്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കിങ്ഫിഷര്‍ ഉടമ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് കേസില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ രണ്ടാം തവണയാണ് കോടതി വാദം കേള്‍ക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരെ ചാര്‍ജ്ഷീറ്റ് നല്‍കിയിരുന്നു. കേസില്‍ ജൂണ്‍ 13ന് ഹാജരായ മല്യക്ക് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ സ്‌കോട് ലാന്‍ഡ് യാര്‍ഡ് പൊലീസ് മല്യയെ വഞ്ചന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം 6,50,000 പൗണ്ട് അടച്ച അദ്ദേഹത്തിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാല്‍, ഇന്നലെ മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടും ബാങ്കില്‍ നിന്ന് വായ്പയെടുത്ത കേസുമായി ബന്ധപ്പെട്ടുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ സംഭവത്തില്‍ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ ഇന്ത്യ അദ്ദേഹത്തെ നാടുകടത്തണമെന്ന് ഫെബ്രുവരി മാസത്തില്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളും നിരവധി അറസ്റ്റ് വാറന്റുകളും നേരിടുന്ന ആളാണ് മല്യയെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: