ദിലീപ് 14 ദിവസത്തെ റിമാന്‍ഡില്‍; രണ്ടാം പ്രതിയാകും ; നടനെതിരെ നിഷേധിക്കാനാകാത്ത 19 തെളിവുകള്‍

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാലത്ത് അങ്കമാലി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ്ജയിലിലേക്ക് കൊണ്ടു പോയി പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കും. IPC 120 B വകുപ്പ് ചുമത്തിയിരിക്കുന്ന കേസില്‍ ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ‘എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും’ എന്നതായിരുന്നു ദിലീപിന്റെ പ്രതികരണം. ചൊവ്വാഴ്ച രാവിലെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്. കാട്ട് കള്ളാ ദിലീപേ, വെല്‍ക്കം ടു ദി സെന്‍ട്രല്‍ ജയില്‍, ആലുവക്കാരാ ദിലീപേ ധീരതയോടെ കിടന്നോളൂ എന്നീ വിളികള്‍ ചുറ്റിലും മുഴക്കിയപ്പോള്‍ യാതൊരുകുലുക്കവും ദിലീപിനുണ്ടായിരുന്നില്ല. ജനപ്രിയതാരം ദിലീപിനെ ഒരുനോക്ക് കാണാനെത്തുന്ന പതിവ് ആരാധക കൂട്ടങ്ങള്‍ക്ക് പകരം അദ്ദേഹത്തെ നോക്കി പുച്ഛത്തോടെ പ്രതികരിക്കുന്ന ആള്‍ക്കൂട്ടത്തെയാണ് കാണാന്‍ കഴിയുക. നേരത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ‘എല്ലാം കഴിയട്ടെ’ എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചിരുന്നത്.

ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും മജീസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്. ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹത്തിലെ എത്ര ഉന്നതനായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ആദ്യം തന്നെ ചില പ്രതികളെ പിടികൂടിയിരുന്നു. പിന്നീടാണ് ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ പെടുമെന്ന് ഉറപ്പിക്കാവുന്നതാണ്. നേരത്തേയുള്ള ഡിജിപിയോടും ഇപ്പോള്‍ തുടരുന്ന ഡിജിപിയോടും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. എന്നാല്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
ദിലീപിന്റെ ബി.എം.ഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചു. ഈ സാഹചര്യത്തില്‍ പ്രധാന പ്രതി ശിക്ഷിക്കപ്പെടുകയും ഗൂഢാലോചന കേസില്‍ കുറ്റം തെളിയുകയും ചെയ്താല്‍ ദിലീപിനെ കാത്തിരിക്കുന്നത് ദീര്‍ഘകാല ജയില്‍ശിക്ഷ ആയിരിക്കും.

ബലാത്സംഗക്കേസില്‍ കുറ്റക്കാരന് പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം തടവു വരെയാണ് ശിക്ഷ ലഭിക്കുക. ഗൂഢാലോചന കേസിലും ശിക്ഷ ജീവപര്യന്തം വരെയാണ്. അതുകൊണ്ട് തന്നെ കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരട്ട ജീവപര്യന്തം വരെ ദിലീപിന് കിട്ടാന്‍ സാധ്യതയുണ്ട്. ഗൂഢാലോചനയില്‍ കുറ്റകൃത്യം നിര്‍വഹിക്കുന്നതിനു പിന്നിലെ ലക്ഷ്യം പ്രധാനമാണ്.

ജയിലില്‍ പ്രത്യേക പരിഗണനയൊന്നുമില്ലാതെ സാധാരണ തടവുകാര്‍ക്കൊപ്പമാണ് ദിലീപ് കഴിയുന്നത്. ജയിലില്‍ ദിലീപിന്റെ നമ്ബര്‍ 523ആണ്. പ്രത്യേക ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ദിലീപിന് നല്‍കില്ല. റിമാന്‍ഡ് പ്രതിയായതിനാല്‍ സാധാരണ വസ്ത്രം ദിലീപിന് ധരിക്കാം. ജയിലിലെത്തിയ ദിലീപ് തനിക്ക് പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ പറയുന്നത്.

അഞ്ച് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. പിടിച്ചുപറിക്കാരുള്‍പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. 14 ദിവസത്തെ റിമാന്റിലാണ് ദിലീപിനെ ആലുവ സബ്ജയിലിലെത്തിച്ചത്. മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്.

ദിലീപിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് താരസംഘടനയായ അമ്മ തീരുമാനമെടുക്കും. ഇന്ന് ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ചികിത്സയില്‍ കഴിയുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഇന്ന് മടങ്ങിയെത്തും. ഇന്നസെന്റ് എത്തിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ദിലീപിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന. ദിലീപിനെ സംരക്ഷിക്കുന്ന അമ്മയുടെ നിലപാട് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

 
എ എം

Share this news

Leave a Reply

%d bloggers like this: