കുറഞ്ഞ ശമ്പളം 17,200 രൂപയാക്കാമെന്ന് സമിതി; സമരം ശക്തമാക്കുമെന്ന് നഴ്‌സുമാര്‍

ആറുമണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ നഴ്‌സുമാരുടെ വേതനവര്‍ദ്ധന സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും തങ്ങള്‍ ആവശ്യപ്പെട്ട വര്‍ദ്ധന ഇല്ലാത്തതിനാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാന്‍ നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം. അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം അന്‍പതു ശതമാനം പുതുക്കി നിശ്ചയിക്കാന്‍ ഇതുസംബന്ധിച്ച മിനിമം വേജസ് കമ്മിറ്റി തീരുമാനിച്ചു. മിനിമം വേതന നിയമ പ്രകാരം പരിഷ്‌കരിച്ച വേതനത്തിന്റെ അടിസ്ഥാനത്തില്‍ ശരാശരി 20,806 രൂപയുടെ വര്‍ധനയാണ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. ഇതുപ്രകാരം പാര്‍ട്ട് ഒന്ന് ഗ്രൂപ്പ് എട്ടില്‍ വരുന്ന സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ അടിസ്ഥാന ശമ്പളം 15,660 രൂപയായി വര്‍ധിക്കും. നിലവില്‍ 7,775 രൂപയാണ് ഇവരുടെ അടിസ്ഥാന ശമ്പളം.

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 17,200 രൂപയായി വര്‍ധിക്കും. ഇതിനു പുറമേ മൂന്നു ശതമാനം വീതം നഴ്‌സിംഗ് അലവന്‍സും സ്‌പെഷല്‍ അലവന്‍സും ഉള്‍പ്പെടെ 18,232 രൂപയാണ് ശമ്പള വര്‍ധന. നിലവില്‍ ഇത് 8,778 രൂപയായിരുന്നു. ഇതിനു പുറമേ കിടക്കകളുടെ അടിസ്ഥാനത്തില്‍ അധികമായി ആനുകൂല്യം നല്‍കും. ഇരുപതുവരെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സിന് 19,810 രൂപയും, 101 മുതല്‍ 300 വരെ 20,014 രൂപയും, 301 മുതല്‍ 500 വരെ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,980 രൂപയും 501 മുതല്‍ 800 വരെ 22,040 രൂപയും 800നു മുകളില്‍ 23,760 രൂപയും പുതുക്കിയ വേതനമായി നല്‍കാന്‍ മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
20ന് മിനിമം വേജസ് കമ്മിറ്റി റിപ്പോര്‍ട്ട് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിനു സമര്‍പ്പിക്കും. ഇവയെല്ലാം പരിശോധിച്ച് ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് അന്തിമ നോട്ടിഫിക്കേഷനും ഇറങ്ങുന്നതോടെ ആശുപത്രി ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം ലഭ്യമായിത്തുടങ്ങുമെന്നും ലേബര്‍ വകുപ്പ് അറിയിച്ചു.

എന്നാല്‍, നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്ന ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലയിപ്പിച്ചാണ് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഡിഎ ഇനത്തില്‍ നഴ്‌സുമാര്‍ക്ക് മുന്‍പ് നല്‍കിയിരുന്നത് 2,500 രൂപയായിരുന്നു. ഇതുവരെ സംസ്ഥാനത്തെ നഴ്‌സുമാര്‍ക്ക് സ്‌പെഷ്യല്‍ അലവന്‍സ് ആയി 600 രൂപയും എച്ച്ആര്‍എ ഇനത്തില്‍ 1,479 രൂപയും ലഭിച്ചിരുന്നു. ഇതെല്ലാം പുതിയ പാക്കേജിലൂടെ നിഷേധിക്കപ്പെടുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നഴ്‌സുമാരുടെ സംഘടനകള്‍ പറയുന്നു.

നഴ്‌സിങ് സംഘടനകളായ യുഎന്‍എ, ഐഎന്‍എയും സമരരംഗത്താണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 48,500 നഴ്‌സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മൂന്നില്‍ ഒന്ന് നഴ്‌സുമാരെ ആശുപത്രി ജോലിക്ക് വിട്ടു നല്‍കികൊണ്ടാണ് പ്രതിഷേധ സമരം. അതേസമയം, ഇന്ത്യന്‍ നഴ്‌സസ് അസോയിഷേന്‍ ഇന്നു മുതല്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചു.തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, എ കെ ബാലന്‍, തൊഴില്‍വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മിഷണര്‍ കെ ബിജു, മിനിമം വേജസ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: