യുപി ട്രെയിന്‍ ദുരന്തത്തിനു കാരണം അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപം 23 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം റെയില്‍വേയുടെ ഗുരുതര അനാസ്ഥയുടെ ഫലമാണെന്ന് വ്യക്തമായി. ട്രെയിന്‍ പാളം തെറ്റി വലിയതോതില്‍ ജീവഹാനി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണം ഉദ്യോഗസ്ഥ അനാസ്ഥയും അറ്റകുറ്റപ്പണിയുടെയും നവീകരണത്തിന്റെയും അഭാവവുമാണെന്ന് റെയില്‍വേമന്ത്രാലയത്തിന് അടുത്തിടെ സമര്‍പ്പിച്ച സുരക്ഷാ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാളത്തില്‍ നടന്ന അറ്റകുറ്റപ്പണിയെക്കുറിച്ച് ലോക്കോപൈലറ്റിന് വിവരം നല്‍കാതിരുന്നതാണ് ശനിയാഴ്ചത്തെ അപകടത്തിന് കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രഥമിക വിലയിരുത്തല്‍. അപകടം നടന്നിടത്തുനിന്ന് പണി ആയുധങ്ങള്‍ കണ്ടെത്തിയതായി റെയില്‍വേ ബോര്‍ഡ് അംഗം മുഹമ്മദ് ജംഷാദ് അറിയിച്ചു. അറ്റകുറ്റപ്പണി നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുണ്ടായില്ലെന്ന് സംശയിക്കുന്നു.

അറ്റകുറ്റപ്പണിക്കുശേഷം പാളത്തിന്റെ വശങ്ങള്‍ മണ്ണിട്ട് പൂര്‍വസ്ഥിതിയിലാക്കിയില്ല. അപകടത്തില്‍പ്പെട്ട ഉത്കല്‍ എക്‌സ്പ്രസിന് 100 കിലോമീറ്റര്‍ വേഗതയുണ്ട്. ഇവയൊക്കെ അപകടത്തിന് കാരണമായെങ്കില്‍ റെയില്‍വേ സംവിധാനത്തിന്റെ മാപ്പര്‍ഹിക്കാത്ത അലംഭാവമാണ് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായതിനു കാരണം. അപകടത്തില്‍ നാനൂറോളം പേര്‍ക്കാണ് പരിക്കേറ്റത്.

യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ റെയില്‍വേ തുടര്‍ച്ചയായി പരാജയപ്പെടുന്നുവെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. നവംബറില്‍ കാണ്‍പുരില്‍ ഇന്‍ഡോര്‍- പട്‌ന എക്പ്രസ് പാളംതെറ്റി 150 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് സുരക്ഷ പഠിക്കാനായി റെയില്‍വേ പ്രത്യേക ദൌത്യസേന രൂപീകരിച്ചു. പാളങ്ങളിലെ വിള്ളലും അറ്റകുറ്റപ്പണിയുടെ അപര്യാപ്തതയുമാണ് അപകടങ്ങളുടെ മുഖ്യകാരണമെന്ന് സേന റിപ്പോര്‍ട്ട് നല്‍കി. റെയില്‍വേ സംവിധാനം സാങ്കേതികമായി നവീകരിച്ച് ഗതാഗതനിയന്ത്രണത്തില്‍ മനുഷ്യര്‍ തീരുമാനമെടുക്കുന്നത് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2015ല്‍ ഉണ്ടായ 859 ട്രെയിന്‍ അപകടത്തിന് കാരണമായത് സാങ്കേതികത്തകരാറും പാളങ്ങളുടെ രൂപകല്‍പ്പനയിലെ പാളിച്ചയുമാണ്. കാലപ്പഴക്കംചെന്ന പാളങ്ങള്‍ മാറ്റാത്തതും അറ്റകുറ്റപ്പണികളുടെ അഭാവവുമുള്ള പാളങ്ങളില്‍ താങ്ങാവുന്നതില്‍ കൂടുതല്‍ ട്രെയിനുകളാണ് ഒടുന്നത്. അത്തരം പാളങ്ങളിലാണ് കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ വലിയ ട്രെയിനപകടം നടന്നത്.

റെയില്‍വേ വികസനത്തിന്റെ അഭാവം അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നും റെയില്‍വേ സുരക്ഷയെക്കുറിച്ച് പഠിച്ച സ്റ്റാന്‍ഡിങ് കമ്മറ്റി ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1950നും 2015നും ഇടയില്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും യഥാക്രമം 1344 ശതമാനത്തിന്റെയും 1642 ശതമാനത്തിന്റെയും വര്‍ധനയുണ്ടായപ്പോള്‍ റെയില്‍പാളങ്ങളില്‍ 23 ശതമാനം വര്‍ധനമാത്രമാണുണ്ടായത്.

പരസ്പരം ഇടിച്ചുകയറാത്ത അത്യാധുനിക എല്‍ബിഎച്ച് കോച്ചുകള്‍മാത്രം ഉപയോഗിക്കണമെന്നും ഇത് അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്കല്‍ എക്‌സ്പ്രസില്‍ എല്‍എച്ച്ബി കോച്ചുകളല്ലായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പക്കുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കണം. ജീവനക്കാര്‍ക്ക് പരിശീലനവും സംവിധാനം നവീകരിച്ചും ട്രെയിന്‍ ഗതാതഗതം കൂടുതല്‍ സുരക്ഷിതമാക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: