മുത്തലാഖ്: വാദമുഖങ്ങൾ ഇങ്ങനെ

വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടര്‍ച്ചവകാശം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഇന്ത്യന്‍ ഭരണഘടന മതസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മുസ്ലീമതവിശ്വാസികളുടെ ഇടയില്‍ വിവാഹമോചനം നടക്കുന്നത് മുത്തലാഖ് ചൊല്ലിയാണ്. രാജ്യത്തെ 18 കോടി മുസ്ലീമതവിശ്വാസികളും ഇത്രകാലവും ഈ നിയമമാണ് പിന്തുടര്‍ന്ന് പോന്നിരുന്നത്.

കഴിഞ്ഞ കുറേക്കാലമായി മുത്തലാഖ് എടുത്ത് കളയണമോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നു വന്നിരുന്നു. തീര്‍ത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയര്‍ന്ന പ്രധാനവിമര്‍ശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷന്‍ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോള്‍ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാന്‍ മുത്തലാഖ് അവസരമൊരുക്കുന്നതായും, ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകള്‍ വിമര്‍ശിച്ചു.

എന്നാല്‍ മുത്തലാഖ് നിരോധനത്തിനുമെതിരെ തുടക്കം തൊട്ടേ എതിര്‍പ്പുയര്‍ന്നിരുന്നു. രാജ്യത്തെ മുസ്ലീമതവിശ്വാസികളുടെ മതപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് മുത്തലാഖ് നിരോധിക്കുന്നത് എതിര്‍ത്തു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ മതപരമായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നുള്ള വാദവും ഉന്നയിക്കപ്പെട്ടു. ഇങ്ങനെ വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ശേഷമാണ് മുത്തലാഖ് വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രധനപ്പെട്ട ന്യൂനപക്ഷ വിഭാഗത്തിന്റെ വിശ്വാസങ്ങളും ആചാരവുമായി ബന്ധപ്പെടുന്ന വിഷയമാണ് മുത്തലാഖ് എന്നതിനാല്‍ വിധിനിര്‍ണയത്തില്‍ പാളിച്ചകളില്ലാതിരിക്കാന്‍ സുപ്രിംകോടതി വേണ്ടത്ര മുന്‍കരുതലെടുത്തിരുന്നു.

ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍ , പാഴ്സി, ഹിന്ദു മുസ്ലിം സമുദായങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.
തുടര്‍ച്ചയായി രണ്ടാഴ്ച്ചയോളം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേട്ടു. വാദങ്ങള്‍ക്കിടെ പലപ്പോഴും മുത്തലാഖിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതിയില്‍ നിന്നുയര്‍ന്നത്.

മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി വാദത്തിനിടെ നിരീക്ഷിച്ചു. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും സുപ്രീംകോടതി ഒരുഘട്ടത്തില്‍ സുപ്രീംകോടതി പറഞ്ഞു.
മുത്തലാഖിന് നിയമപരമായി സാധുതയുണ്ടെന്ന് വാദിക്കുന്ന വിവിധ ചിന്താധാരകളില്‍പ്പെട്ടവരുണ്ടാകാം. എന്നാല്‍, മുസ്ലിങ്ങള്‍ക്കിടയിലെ ഏറ്റവും നീചമായ വിവാഹമോചനമാണ് അതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

മുത്തലാഖ് കോടതിയുടെ പരിഗണന ആവശ്യമുള്ള വിഷയമല്ലെന്നും ഇതിനെ സ്ത്രീകള്‍ക്ക് എതിര്‍ക്കാനാകുമെന്നും കേസില്‍ കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹക്കരാറില്‍ മുത്തലാഖിനെ അംഗീകരിക്കില്ലെന്ന് വ്യവസ്ഥവെയ്ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. മുത്തലാഖ് പാപമാണെന്നാണ് ഇസ്ലാം കരുതുന്നതെങ്കിലും വ്യക്തിനിയമപ്രകാരം നിയമസാധുതയുണ്ടെന്നുമായിരുന്നു ഖുര്‍ഷിദിന്റെ വാദം.

എന്നാല്‍ ഇതിനെ കോടതി ചോദ്യം ചെയ്തു. ”ദൈവത്തിന്റെ കണ്ണില്‍ പാപമായ കാര്യങ്ങള്‍ക്ക് നിയമസാധുതയുണ്ടോ? ദൈവം പാപമാണെന്ന് കരുതുന്ന ഒരു കാര്യത്തിന് നിയമസാധുത നല്‍കാനാവില്ല. അതിനു കഴിയുമോ?” – ചീഫ് ജസ്റ്റിസ് ജെ.എസ്.ഖഹാര്‍ ഖുര്‍ഷിദിനോട്ആരാഞ്ഞു.

വാദത്തിനിടെ ഇസ്ലാംവിരുദ്ധവും പാപമായതും മറ്റ് മതനിയമങ്ങള്‍ അംഗീകരിക്കാത്തതുമായ ഒരു കാര്യത്തിന് സാധുത നല്‍കാന്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ക്കാകുമോയെന്ന സംശയം ജഡ്ജി കുര്യന്‍ ജോസഫും ഉന്നയിച്ചു അതിന് കഴിയില്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി. പല രാജ്യങ്ങളും തെറ്റായും പാപവുമായി കാണുന്ന വധശിക്ഷയ്ക്ക് ആ രാജ്യങ്ങളില്‍ നിയമസാധുതയുള്ളതുപോലെയാണ് മുത്തലാഖിന്റെ കാര്യമെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് അഭിപ്രായപ്പെട്ടു. ഇന്ത്യക്കുപുറത്ത് മുത്തലാഖ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇന്ത്യക്കുപുറത്ത് ഈ സമ്പ്രദായം ഇല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് സുപ്രീംകോടതിക്ക് മറുപടി നല്‍കി. മുത്തലാഖ് ഇന്ത്യ കേന്ദ്രിതമാണല്ലേയെന്നായിരുന്നു ഇതിനോടുള്ള ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

മുത്തലാഖ് നിരോധിച്ച ഇസ്ലാമിക രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ കോടതി ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ഇസ്ലാമിക രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയുടെ പേര് ഇല്ലാത്ത കാര്യവും കോടതി ചൂണ്ടിക്കാട്ടി. സൗദിയില്‍ എന്ത് നിയമമാണ് നിലനില്‍ക്കുന്നതെന്നും കോടതി അന്വേഷിച്ചു.

സൗദി പ്രവാചകന്റെ വാക്കുകളാണ് പിന്തുടരുന്നതെന്നും അവര്‍ നേരത്തെതന്നെ മുത്തലാഖ് നിരോധിച്ചതാണെന്നും കക്ഷികള്‍ക്കുവേണ്ടി ഹാജരായ മറ്റൊരഭിഭാഷകന്‍ ബോധിപ്പിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി അഭിഭാഷകന് നിര്‍ദേശം നല്‍കി. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കേസില്‍ ഒരു കക്ഷിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാം ജേഠ്മലാനിയുടേയും വാദം. മുത്തലാഖിനുള്ള അവകാശം പുരുഷനുമാത്രമാണുള്ളത്. ഇത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണ്. ഖുറാനിലെ വചനങ്ങള്‍ക്ക് എതിരാണത് എന്നതിനാല്‍ മുത്തലാഖ് റദ്ദാക്കണമെന്ന് അദ്ദേഹം സുപ്രീംകോടതിയെ ബോധിപ്പിച്ചു.

മുത്തലാഖ് സ്ത്രീവിരുദ്ധമായ ഒരു നിയമമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട്. മുത്തലാഖ് സുപ്രീംകോടതി നിരോധിക്കുന്ന പക്ഷം പുതിയ നിയമം ഉണ്ടാക്കാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 1400 വര്‍ഷമായി പിന്തുടര്‍ന്നു പോരുന്ന ഒരു നിയമമാണ് മുത്തലാഖെന്നും പെട്ടെന്നൊരു ദിവസം മുത്തലാഖ് എടുത്തു കളയുവാന്‍ സാധിക്കില്ലെന്നും മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് സുപ്രീംകോടതിയില്‍ വാദിച്ചു.

എന്നാല്‍ മുത്തലാഖിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നതായും മുത്തലാഖ് പാപമാണെങ്കില്‍ അതിനെ ശരിപ്പെടുത്താനുള്ള പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാമെന്നും മുസ്ലീം പേഴ്സണ്‍ ബോര്‍ഡ് വ്യക്തമാക്കി. വിവാഹവേളയില്‍ ബന്ധത്തിന് മുത്തലാഖ് ബാധകമല്ലെന്ന നിര്‍ദേശം നിക്കാഹ് കരാറില്‍ ഉള്‍പ്പെടുത്താമെന്നും ഇക്കാര്യത്തില്‍ വധുവിന് തീരുമാനമെടുക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നും പേഴ്സണല്‍ ബോര്‍ഡ് ബോധിപ്പിച്ചു.
ഏതാണ്ട് രണ്ടാഴ്ച്ചക്കാലം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് സുപ്രീംകോടതി മുത്തലാഖില്‍ വിധി പ്രസ്താവിച്ചത്. മുത്തലാഖിനൊപ്പം പരാതിക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ച ബഹുഭാര്യത്വം,നിക്കാഹ് ഹലാല്‍ എന്നീ വിഷയങ്ങള്‍ വാദത്തില്‍ സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. എന്നാല്‍ വാട്സാപ്പിലൂടെ മൊഴി ചൊല്ലിയതടക്കമുള്ള സംഭവങ്ങള്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കെപ്പടുകയും ചെയ്തു.

1954-ല്‍ സെപ്ഷ്യല്‍ മാര്യേജ് ആക്ട് നിലവില്‍ വന്നശേഷവും 1934-ല്‍ മുസ്ലീ പേഴ്സണല്‍ ലോ അനുസരിച്ച് മുന്നോട്ട് പോകണമെന്ന നിലപാടാണ് മുസ്ലീം വ്യക്തി ബോര്‍ഡ് ഉന്നയിക്കുന്നത്. എന്നാല്‍ എകസിവില്‍ കോഡ് എന്ന വാദത്തെ ശക്തിപ്പെടുത്തും എന്ന ഭയം അവര്‍ പങ്കുവയ്ക്കുന്നുണ്ട്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: