രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വീണ്ടും കൂപ്പുകുത്തി; കാരണം നോട്ട് നിരോധനവും, ജിഎസ്ടിയും

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുത്തനെ ഇടിഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 6.1 ശതമാനമാണ്. പ്രധാനമായും നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയാണ് സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേ സമയം, സേവന മേഖല അടക്കമുള്ളവയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം, സേവന മേഖലയുമായി ബന്ധപ്പെട്ടവ എന്നിവയില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടായ 8.9 ശതമാനത്തെ അപേക്ഷിച്ച് 11.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലുണ്ടായ സാമ്പത്തിക വളര്‍ച്ച 7.9 ശതമാനമായയിരുന്നതാണ് ഇത്തവണ 5.7 ശതമാനമായി കൂപ്പു കുത്തിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് പാദങ്ങളിലെ വളര്‍ച്ചാ നിരക്കുമായി താരമത്യപ്പെടുത്തിയാല്‍ ഏറ്റവും കുറവാണ് ഇപ്പോഴത്തേത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി കുറഞ്ഞിരുന്നു. അടുത്ത ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇത് വീണ്ടും കുറഞ്ഞ് 7.0 ശതമാനമായി. ഇതാണ് പിന്നീട് കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ ജനുവരി-മാര്‍ച്ചില്‍ 6.1 ശതമാനമായി കുറഞ്ഞതും ഇപ്പോഴത് 5.7 ശതമാനത്തില്‍ എത്തി നില്‍ക്കുന്നതും.

നോട്ട് നിരോധനം നടപ്പാക്കിയ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തിനു മുകളിലായിരുന്നെങ്കില്‍ അവസാന പാദത്തില്‍ ഇത് 6.1 ശതമാനമായി താഴുകയായിരുന്നു. ഏഴു ശതമാനത്തിനു മുകളിലായിരിക്കും സാമ്പത്തിക വളര്‍ച്ചയെന്ന സര്‍ക്കാര്‍ അവകാശ വാദങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ടുള്ളതായിരുന്നു ഇത്. നവംബര്‍ എട്ടിന്റെ നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കുന്നതിനു മുമ്പായി നിര്‍മാതാക്കള്‍ വന്‍തോതില്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചതുമാണ് സാമ്പത്തിക വളര്‍ച്ച തളരാന്‍ കാരണമെന്നുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് വരും മാസങ്ങളില്‍ കരകയറുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും മാന്ദ്യം മാറിയില്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാവുകയാണ് ചെയ്തത് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതിനു പിന്നാലെയാണ് വേണ്ടത്ര ഒരുക്കങ്ങള്‍ ഇല്ലാതെ ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് ആശങ്കാജനകമാണെന്നും നിര്‍മാണ മേഖലയിലുണ്ടായ ഇടിവ് ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന്റെ ഭാഗമായിട്ടാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ കള്ളപ്പണം തടയുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നടപ്പാക്കിയ പദ്ധതി വന്‍ പരാജയമാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സാമ്പത്തിക വളര്‍ച്ച മൂക്കുകുത്തിയ കാര്യവും പുറത്തു വരുന്നത്.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: