ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധകോടതിയുടേതാണ് ഉത്തരവ്. മുഷറഫിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സംഭവസ്ഥലത്തെ തെളിവ് നശിപ്പിക്കപ്പെടുന്ന തരത്തില്‍ പെരുമാറിയതിന് രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 17 വര്‍ഷംവരെ തടവ്ശിക്ഷ കോടതി വിധിച്ചു. റാവല്‍പിണ്ടി പൊലീസ് മേധാവിയായിരുന്ന സൗദ് അസീസ്, എസ് പി ഖുറാം ഷാഹ്സദ് എന്നിവര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് അഞ്ചുലക്ഷംരൂപവീതം പിഴയും വിധിച്ചിട്ടുണ്ട്.

അതേസമയം കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളെന്ന് ആരോപിച്ചിരുന്ന അഞ്ച് പേരെ കോടതി വെറുതെ വിട്ടു. തെഹ്രിക് ഇ താലിബാന്‍ പ്രവര്‍ത്തകരായ ഇവരെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വിട്ടയച്ചത്. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബോംബാ്രകമണത്തിലും വെടിവയ്പിലുമാണ് ബേനസീര്‍ ഭൂട്ടോ അടക്കം 20 പേര്‍ കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയാണ്, പര്‍വേസ് മുഷറഫിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. 2013 ലാണ് മുഷറഫിനെതിരെ കുറ്റം ചുമത്തിയത്.

ഒരുവര്‍ഷമായി പര്‍വേസ് മുഷറഫ് ദുബായിലാണ് താമസം. മുഷറഫ് ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ബേനസീര്‍ വധവുമായി ബന്ധപ്പെട്ട് ആദ്യ വിധിയാണിത്. പത്തുവര്‍ഷത്തിലേറെയായി നീതിക്കുവേണ്ടി കാത്തിരിക്കുകയാണെന്നും മുഷാറഫിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ നീതി നടപ്പാകില്ലെന്നും ബേനസീര്‍ ഭൂട്ടോയുടെ മകള്‍ ബഖ്ത്വാര്‍ ഭൂട്ടോ സര്‍ദാരി ട്വിറ്ററിലൂടെ പ്രതികരിച്ചു.

പാക് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് മുഷറഫ് സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ബേനസീര്‍ ഭൂട്ടോയുടെ സുരക്ഷ ഒരുക്കുന്നതില്‍ മുഷറഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായതായി 2010 ല്‍ ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: