അദ്ധ്യാപകര്‍ക്ക് തുല്യമല്ലാത്ത ശമ്പള രീതി അംഗീകരിക്കാനാവില്ല: നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് എ.എസ്.ടി.ഐ

ഡബ്ലിന്‍: വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍. എ.എസ്.ടി.ഐ-യുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ 180 അംഗങ്ങള്‍ തുല്യതയില്ലാത്ത ശമ്പള വര്‍ദ്ധനവിനെ ശക്തമായ ഭാഷയില്‍ അപലപിച്ചിരിക്കുകയാണ്. തുടര്‍ന്ന് യൂണിയന്‍ അംഗങ്ങള്‍ തുല്യ ജോലിക്ക് തുല്യ വേതനം എന്ന ബാനറുകളുമായി ഡബ്ലിന്‍ നഗരത്തില്‍ ധര്‍ണ നടത്തി.

2012-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് കുറഞ്ഞ വേതന നിരക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് യൂണിയന്‍ പുതുക്കിയ വേതന നിരക്ക് ബഹിഷ്‌കരിച്ചത്. പക്ഷപാതപരമായ അദ്ധ്യാപക ശമ്പള പരിഷ്‌കരണത്തെ ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2012-നു ശേഷമുള്ള സെക്കണ്ടറി അദ്ധ്യാപകരുടെ വേതന നിരക്ക് തുല്യമാകണമെങ്കില്‍ 70 മില്യണ്‍ യൂറോ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ വരാനിരിക്കുന്ന ബഡ്ജറ്റില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ അഭിപ്രായം വ്യക്തമാക്കിയതോടെ അദ്ധ്യാപക സംഘടനകള്‍ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയേക്കും.

ഒരേ സമയത്ത് ഒരേ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ ശമ്പളം നല്‍കുന്ന അശാസ്ത്രീയ രീതി അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുമെന്ന് അദ്ധ്യാപക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് തുടര്‍ന്ന് വരുന്ന ഇത്തരം അസമത്വപരമായ കീഴ്വഴക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.എസ്.ടി. പ്രസിഡന്റ് ജെര്‍ കാര്‍ട്ടിന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ അദ്ധ്യാപകരുടെ സമരം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അനിശ്ചിത കാലത്തേക്ക് പഠിപ്പ് മുടക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഈ വര്‍ഷവും തല്‍സ്ഥിതി തുടരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: