2018 ഫെബ്രുവരിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമ്മുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

 

മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകളും, നമ്പറുകളും റദ്ദാക്കാനാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം. 2018 ഫെബ്രുവരി മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത സിമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചു.

രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനവുമായി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കുറ്റവാളികള്‍, തട്ടിപ്പുകാര്‍, ഭീകരര്‍, നുഴഞ്ഞകയറ്റക്കാര്‍ തുടങ്ങിയവരെ, ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും, ഇതുവഴി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാനാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

നിലവില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതിന് മിക്ക ടെലകോം സേവനദാതാക്കളും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നില്ല. പുതിയ നയം നടപ്പിലാക്കുന്നതോടെ ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുതിയ സിമ്മും ലഭിക്കില്ല.

ആധാര്‍കാര്‍ഡുമായി മൊബൈല്‍ സിമ്മുകള്‍ ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ സുപ്രിംകോടതിയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതനുസരിച്ച് ഒരു വര്‍ഷത്തിനകം പദ്ധതി പ്രാവര്‍ത്തികമാക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. രാജ്യത്തെ ബഹുഭൂരിപക്ഷം പ്രീ-പെയ്ഡ് മൊബൈല്‍ സിമ്മുകളും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്തിട്ടുള്ളതാണെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ലോക്നീതി ഫൗണ്ടേഷനാണ് കോടതിയെ സമീപിച്ചത്.

നിലവില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത വരിക്കാര്‍ എത്രയും വേഗം സിമ്മുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി പരസ്യവും, ഇ മെയിലും, എസ് എംഎസ് സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: