യാത്രക്കാരെ വലച്ചുകൊണ്ട് റൈന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു: ദിവസേനയുള്ള 50 സര്‍വീസുകള്‍ക്ക് മുടക്കം

ഡബ്ലിന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ റൈന്‍എയര്‍ സര്‍വീസുകള്‍ നിറുത്തി വെയ്ക്കുന്നു. സെപ്റ്റംബര്‍ 20 മുതല്‍ 6 ആഴ്ചക്കാലത്തേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ട ഫിയാന ഫോളിന്റെ ഗതാഗത വക്താവ് റോബര്‍ട്ട് ടോയ് ആണ് ഇക്കാര്യം പൊതു ജന ശ്രദ്ധയില്‍ കൊണ്ട് വന്നത്. ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുന്‍പെങ്കിലും സേവനം നിര്‍ത്തിവയ്ക്കുന്ന പ്രഖ്യാപനം നടത്താതിരുന്ന റൈന്‍ എയറിന്റെ പ്രവര്‍ത്തിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് റോബര്‍ട്ട് വാര്‍ത്ത പുറത്തു വിട്ടത്.

ദിവസേനെ 50 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തി വെയ്ക്കുന്നതോടെ 6 ആഴക്കകത്തേക്ക് 2500 വിമാനങ്ങളുടെ സര്‍വീസുകളാണ് ഇല്ലാതാവുന്നത്. റൈന്‍ എയറിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് യാത്രക്കാരില്‍ നിന്നുണ്ടാവുന്നത്. 6 ആഴ്ചക്കാലത്തേക്ക് സര്‍വീസ് റദ്ദാക്കപ്പെടുന്നെങ്കില്‍ മുന്‍കൂട്ടി യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയോ അല്ലെങ്കില്‍ മറ്റു വിമാന സര്‍വീസുകളിലേക്ക് യാത്രക്കാരെ ഉള്‍പ്പെടുത്തുകയോ വേണമായിരുന്നു.

തൊട്ടടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവരെ പോലും മുഴുവനായും റൈന്‍ എയര്‍ വിവരമറിയിച്ചിരുന്നില്ല. യാത്രക്കാരുടെ ടിക്കറ്റ് ബുക്ക് ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് റദ്ദാക്കപ്പെട്ട വിവരം അറിയിച്ചിട്ടുണ്ടെന്ന് റൈന്‍ എയര്‍ പറയുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പൊതുവായ ഒരു അറിയിപ്പ് നല്‍കാന്‍ റൈന്‍ എയര്‍ തയ്യാറായില്ല. യാത്രക്കാര്‍ക്ക് ചെലവായ തുക റീഫണ്ട് ചെയ്യുമെന്ന് പറയുന്ന എയര്‍ ലൈന്‍ യാത്രക്ക് വേണ്ടി മറ്റൊരു ബദല്‍ മാര്‍ഗ്ഗം ക്രമീകരിച്ചിട്ടില്ല എന്നതും പരാതികള്‍ ഉയര്‍ത്തുന്നു.

റൈന്‍ എയറിന്റെ പൈലറ്റുമാരും, മറ്റു വിമാന ജീവനക്കാരും വാര്‍ഷിക അവധിയില്‍ പ്രവേശിച്ചതുകൊണ്ടാണ് സര്‍വീസുകള്‍ക്ക് തടസം നേരിട്ടത് എന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റിക്ക് നല്‍കിയ അറിയിപ്പില്‍ റൈന്‍ എയര്‍ വ്യക്തമാക്കുന്നുണ്ട്. ഡിസംബര്‍ അവസാനത്തോടെ മുഴുവന്‍ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കുമെന്നും അടുത്ത ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്നും വിശദമാക്കിക്കൊണ്ടുള്ള അറിയിപ്പാണ് റൈന്‍ എയര്‍ വക്താവ് ഏവിയേഷന്‍ അതോറിറ്റിക്ക് കൈമാറിയിരുന്നത്.

 

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: