വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് യുഎന്‍ ല്‍ മറുപടിയുമായി ഇന്ത്യ

 

ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥ ഒരു പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നും ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന യഥാര്‍ഥ ചിത്രങ്ങള്‍ യുഎന്‍ പൊതുസഭയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി തുറന്നുകാട്ടി.

2014 ജൂലൈ 22 ന് അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ഹെയ്ദി ലെവൈന്‍ പകര്‍ത്തിയ പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രമാണ് പാകിസ്ഥാന്‍ തെറ്റായ അവകാശ വാദത്തോടെ ഉയര്‍ത്തിക്കാട്ടിയതെന്ന് പൗലോമി വ്യക്തമാക്കി. കൂടാതെ കശ്മീരില്‍ ഭീകരര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഉമര്‍ ഫയാസിന്റെ ചിത്രവും ത്രിപാഠി ഉയര്‍ത്തി കാട്ടി.

നിഷ്ഠൂരവും ക്രൂരവുമായാണ് ഉമര്‍ ഫയാസിനെ പാക് ഭീകരര്‍ വധിച്ചത്. ക്രൂരവും ദയനീയവുമായി യാഥാര്‍ഥ്യമാണ് ഈ ചിത്രത്തിലൂടെ വെളിപ്പെടുന്നതെന്നും ത്രിപാഠി പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദത്തിന്റെ ദുരന്തഫലങ്ങളാണ് ജനത ഇപ്പോള്‍ അനുഭവിക്കുന്നത്. പാക്കിസ്ഥാന്റെ ഭീകരമുഖം അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും ത്രിപാഠി പറഞ്ഞു. ന്യൂയോര്‍ക്കില്‍ പുരോഗമിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലാണ് ഇന്ത്യന്‍നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ ത്രിപാഠി പാകിസ്ഥന്റെ വ്യാജ ആരോപണത്തിനെതിരെ ആഞ്ഞടിച്ചത്.

നേരത്തേ,കശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യക്കെതിരേ കടന്നാക്രമണം നടത്തിയ യുഎന്നിലെ പാക് സ്ഥിരംപ്രതിനിധി മലീഹ ലോധി ഉയര്‍ത്തിക്കാണിച്ചതു വ്യാജചിത്രമായിരുന്നു. പെല്ലറ്റ് വെടിവയ്പില്‍ മുഖം മുഴുവന്‍ പരിക്കേറ്റ യുവതി എന്നാണു പാക് പ്രതിനിധി യുഎന്നില്‍ പ്രസംഗിച്ചത്. ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖമെന്നു ചിത്രം ഉയര്‍ത്തിക്കാണിച്ച് മലീഹ ലോധി ആരോപിച്ചു.

എന്നാല്‍, 2014 ജൂലൈയില്‍ ഗാസയില്‍ ഇസ്രേലി ബോംബ് ആക്രമണത്തില്‍ പരിക്കേറ്റ റൗവ്യ അബു ജോമ എന്ന പതിനേഴുകാരിയുടെ ചിത്രമായിരുന്നു അത്. അമേരിക്കന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ഹെയ്ഡി ലെവിന് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രവുമാണിത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: