ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എവിടെയെന്നു കോടതി, ഉത്തരമില്ലാതെ പ്രോസിക്യൂഷന്‍

 

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇന്ന് പ്രോസിക്യൂഷന്റെ വാദമാണ് നടന്നത്. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഹര്‍ജി തള്ളണമെന്ന് തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതി ഹര്‍ജി വിധി പറയുന്നതിന് മാറ്റി.

നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയെന്നു ഹൈക്കോടതി ചോദിച്ചു. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഏറ്റവും നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ എവിടെയെന്നു പ്രോസിക്യൂഷനോടു ചോദിച്ചത്. കോടതിയില്‍ നിന്നും അന്വേഷണ സംഘം ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ചോദ്യവും ഇതായിരുന്നു. ഈ അവസ്ഥ തന്നെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഫോണ്‍ എവിടെ എന്നതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പത്താം പ്രതിയുടെ മൊഴിയില്‍ ദിലീപ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നു പറയുന്നുണ്ട്. ഒന്നരക്കോടിയായിരുന്നു വാഗ്ദാനം. കേസ് വന്നാല്‍ പ്രതിഫലം മൂന്നുകോടിയാക്കാമെന്നും പറഞ്ഞിരുന്നതായി പത്താംപ്രതിയുടെ മൊഴിയില്‍ ഉണ്ട്. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ പറയുന്നു. ലക്ഷ്യയുടെ മനേജറായ സുധീറിനെ കാവ്യയുടെ ഡ്രൈവര്‍ 40 തവണയോളം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

നേരത്തെ ഹൈക്കോടതി രണ്ട് തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു.

കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ കക്ഷി സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നാണ് പൊലീസ് നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ പൊലീസിന് ദൈവമായി മാറിയിരിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞു.

 

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: