വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി, നിമിഷങ്ങള്‍ക്കകം ജാമ്യം

 

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം മല്ല്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ടാം തവണയാണ് മല്യ ലണ്ടനില്‍ അറസ്റ്റിലാകുന്നതും കോടതി ജാമ്യം അനുവദിക്കുന്നതും. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന് സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പുറമെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്ന് മല്യയ്ക്കെതിരെ കേസ് നിലവില്‍ ഉണ്ട്. വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ വിവിധ കോടതികള്‍ മല്യയ്ക്കെതിരെ ആറോളം ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മല്ല്യയെ വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെ ചുമതല നിര്‍വഹിക്കാന്‍ സിബിഐയ്ക്കും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബ്രിട്ടനിലെ നിയമ നടപടികളിലേക്ക് കടക്കാതെ ഇന്ത്യയിലെ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികളെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറനുസരിച്ച് മല്ല്യയെ കൈമാറാന്‍ ഫെബ്രുവരി എട്ടിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

നേരത്തെ ഇക്കഴിഞ്ഞ ഏപ്രിലില്‍ മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു അറസ്റ്റ്. 5.32 രൂപയുടെ ജാമ്യത്തുകയില്‍ മല്യയെ ഉടന്‍ തന്നെ കോടതി വിട്ടയയ്ക്കുകയും ചെയ്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: