ലൈംഗീക കുറ്റവാളികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നിയമം അയര്‍ലണ്ടില്‍

ഡബ്ലിന്‍: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ തടയുന്നതിന് പുതു കാല്‍വെപ്പുമായി അയര്‍ലണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് സ്ഥിരമായി റദ്ദാക്കിക്കൊണ്ടുള്ള നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. കുട്ടികള്‍ക്കെതിരെ ലൈംഗീക ചൂഷണങ്ങള്‍ നടത്തുന്നവരുടെ പാസ്‌പോര്‍ട്ട് ആയിരിക്കും റദ്ദാക്കല്‍ നടപടിക്ക് വിധേയമാകുന്നത്.

ഇതോടെ യൂറോപ്പില്‍ ഈ നിയമം പ്രവര്‍ത്തികമാക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറുകയാണ്. ലോകത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമം നടപ്പില്‍ വരുത്തിയിട്ടുള്ള ഏക രാജ്യം ഓസ്ട്രേലിയ മാത്രമാണ്. ലൈംഗീക കുറ്റവാളികള്‍ വിദേശ്യ രാജ്യങ്ങളില്‍ എത്തി അവിടെയും ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നതിനാലാണ് ഇവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്.

കുട്ടികള്‍ക്ക് എതിരെ നടത്തുന്ന ഇത്തരം ഹിംസാത്മകമായ പ്രവണതക്കെതിരെ പ്രവര്‍ത്തിക്കുന്ന ‘പ്രിഡ’ സംഘടന ഈ നിയമം കൊണ്ട് വരണമെന്ന് ഐറിഷ് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തങ്ങള്‍ക്ക് പേരുകേട്ട ഫാദര്‍ ഷെയ് കുലന്‍ ആണ് പ്രിഡയെ നയിക്കുന്നത്. ഫിലിപൈന്‍സില്‍ സന്നദ്ധ സേവനം നടത്തുന്ന ഫാദര്‍ ഡബ്ലിന്‍ സ്വദേശി കൂടിയാണ്.

ചൈല്‍ഡ് സെക്‌സ് ടൂറിസം സജീവമായ ഫിലിപൈന്‍സിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗീക കുറ്റവാളികള്‍ കടന്നു വരുന്നത് ഫാദര്‍ ഐറിഷ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഓസ്ട്രേലിയയില്‍ ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് 20,000 കുറ്റവാളികള്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ട് വിചാരണ നേരിടുകയാണ്.

ഓസ്ട്രേലിയന്‍ നാഷണല്‍ ചൈല്‍ഡ് ഒഫെന്‍ഡര്‍ റജിസ്റ്റര്‍ അനുസരിച്ച് 2500 പുതിയ കേസുകള്‍ ഓരോ വര്‍ഷവും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരില്‍ ലൈംഗീക കുറ്റവാളികള്‍ ഉണ്ടെന്ന് തിരിച്ചറിയപെട്ടാല്‍ അവര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുന്ന നടപടിയും ഉടന്‍ തന്നെ അയര്‍ലണ്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: