കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ടു; ഫ്രഞ്ച് ദമ്പതികള്‍ നിയമകുരുക്കില്‍

 

കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ട ഫ്രഞ്ച് ദമ്പതികള്‍ വിവാദത്തില്‍. സൗത്ത് ഫ്രാന്‍സില്‍ താമസിക്കുന്ന മുസ്ലിം ദമ്പതികള്‍ക്കാണ് കുഞ്ഞിന് ‘ജിഹാദ്’ എന്ന പേരിട്ടതിനെ തുടര്‍ന്ന് കോടതി കയറേണ്ടി വന്നത്. ഓഗസ്റ്റിലാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങളുടെ ആരംഭം. ‘ജിഹാദ്’ എന്ന അറബി വാക്കിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അധികാരികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ‘ജിഹാദ്’ എന്ന വാക്കിന് ഭീകരവാദവുമായി ബന്ധമില്ലെന്ന നിലപാടിലാണ് ദമ്പതികള്‍. വിശുദ്ധ യുദ്ധം എന്നല്ല ‘ജിഹാദ്’ അര്‍ത്ഥമാക്കുന്നതെന്നും ‘ആത്മത്യാഗം’, ‘പോരാട്ടം’ എന്നൊക്കെയാണ് ആ പദത്തിന്റെ ശരിയായ അര്‍ത്ഥമെന്നും ദമ്പതികള്‍ വാദിക്കുന്നു. എന്നാല്‍ കോടതി വിധി ദമ്പതികള്‍ക്ക് പ്രതികൂലമാവുകയാണെങ്കില്‍ കുഞ്ഞിന് മറ്റൊരു പേര് കണ്ടെത്തേണ്ടി വരും.

ഈയടുത്ത കാലത്ത് ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടനകളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

കുഞ്ഞിന് ‘ജിഹാദ്’ എന്ന് പേരിട്ട് വിവാദമാകുന്നത് ഫ്രാന്‍സില്‍ ആദ്യ സംഭവമല്ല. 2013 ല്‍ ‘ജിഹാദ്’ എന്ന് പേരുള്ള കുട്ടി പ്രകോപനപരമായ പരാമര്‍ശമുള്ള കോട്ട് ധരിച്ച് സ്‌കൂളില്‍ പോയത് വിവാദമായിരുന്നു. ‘ഞാനൊരു ബോംബാണ്’ (I am a bomb) എന്ന് മുന്നിലും ‘ജനനം സെപ്റ്റംബര്‍ 11ന്’ (Born on September 11) എന്ന് പിന്നിലും എഴുതിയ കോട്ടാണ് കുട്ടി ധരിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: