യു.എസ്സുമായി പുതിയ സഹകരണത്തിന് മോദി

മനില: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള സഹകരണത്തിന് ഇന്ത്യ തയാറാണെന്ന് അറിയിച്ചു. ഏഷ്യയുടെ ഭാവിക്കു വേണ്ടി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും മോദി അറിയിച്ചു. ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കന്മാരുടെയും കൂടിക്കാഴ്ച. യുഎസിന്റെയും ലോകത്തിന്റെയും പ്രതീക്ഷകള്‍ക്കൊത്ത് ഇന്ത്യ ഉണര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ മോദി, ലോക പര്യടനങ്ങള്‍ക്കിടെ ട്രംപ് ഇന്ത്യയെ ഉയര്‍ത്തി സംസാരിക്കുന്നതിന് നന്ദിയും രേഖപ്പെടുത്തി.

ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ അനൗദ്യോഗികമായി രൂപമെടുത്ത വ്യാപാര സഖ്യത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി ഒരുദിവസം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം. ചൈന സൈനിക സാന്നിധ്യം ശക്തമാക്കുന്ന തന്ത്രപ്രധാന മേഖലയായ ഇന്തോ-പസഫിക്കില്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ യുഎസ് നിരന്തരമായി ശ്രമിച്ചുവരുകയാണ്. വിവിധ വിഷയങ്ങളില്‍ യുഎസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി വരുകയാണെന്ന് പറഞ്ഞ മോദി, വിദേശ സന്ദര്‍ശന വേളകളില്‍ ട്രംപ് ഇന്ത്യയെക്കുറിച്ച് ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തുന്നതിനെ എടുത്തുകാട്ടി.

ഇന്ത്യയില്‍ നിന്ന് യുഎസും ലോകവും പ്രതീക്ഷിക്കുന്ന തരത്തിലേക്ക് ഉയരാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, മോദി നല്ല സുഹൃത്താണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ച ട്രംപ്, മോദിയെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചത് സ്മരിച്ചു. യുഎസിന്റെ സുഹൃത്താണ് മോദിയെന്നും ഇന്ത്യയിലെ വിവിധ വിഭഗങ്ങളെ ഒരുമിപ്പിക്കുന്നതിന് വേണ്ടി വളരെ ശ്രമിക്കുന്ന മാന്യനാണ് അദ്ദേഹമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഒരുപാട് നല്ല വാര്‍ത്തകള്‍ വരുന്നുണ്ടെന്നു പറഞ്ഞ ട്രംപ് അക്കാര്യത്തില്‍ മോദിയെ അഭിനന്ദിച്ചു.

ഇന്തോ- പസഫിക്ക് എന്ന ട്രംപിന്റെ പ്രയോഗത്തെ നയതന്ത്ര വിദഗ്ദ്ധര്‍ വളരെ ഗൗരവത്തോടൊയാണ് വീക്ഷിക്കുന്നത്. ചൈനയുടെ ശക്തമായ സാന്നിധ്യത്തിന് ബദലായി മേഖലയില്‍ അനൗദ്യോഗിക സഖ്യം ശക്തിപ്പെടുത്തുകയെന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആസിയാന്റെ ഭാഗമായുള്ള അപെക് സമ്മേളനത്തില്‍ സിഇഒമാരെ അഭിസംബോധന ചെയ്യുന്നതിനിടെയും ട്രംപ് ഇന്ത്യയെയും മോദിയെയും പുകഴ്ത്തിയിരുന്നു.

 

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: