ദുരിതം വിതച്ച് മഴയും ചുഴലിയും; മരണം മൂന്നായി, തെക്കന്‍ കേരളം ഭീതിയില്‍

 

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയില്‍ രൂപപ്പെട്ട ‘ഓഖി’ ചുഴലിക്കാറ്റിനെയും പേമാരിയെയും തുടര്‍ന്ന് തെക്കന്‍കേരളം ഭീതിയില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്തമഴയും കാറ്റും നാശം വിതച്ചത്.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ഇനിയും ശക്തിപ്രാപിച്ച് വന്‍ കൊടുങ്കാറ്റാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓഖി തിരുവനന്തപുരം മേഖല കേന്ദ്രീകരിച്ചതോടെയാണ് തെക്കന്‍ കേരളത്തില്‍ മഴയും കാറ്റും ശക്തമായത്. കാറ്റ് ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങുകയാണ്.

ശക്തമായ മഴയ്ക്കൊപ്പം തിരുവനന്തപുരത്തെ അമ്പൂരിയിലും മുതലത്തോടും കൊല്ലത്തെ അച്ചന്‍കോവിലിലും ഉരുള്‍പൊട്ടലുമുണ്ടായി. മഴയും കാറ്റും വിതച്ച ദുരിതത്തില്‍ സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം കടപുഴകി വീണ് വിഷ്ണുവെന്ന യുവാവ് മരിച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു.

തിരുവനന്തപുരം മേഖലയില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ ഏഴ് വള്ളങ്ങള്‍ കാണാതായി. വെട്ടുകാടില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ ഒരാളെ കാണാതായിട്ടുണ്ട്. കന്യാകുമാരി, വിഴിഞ്ഞം തീരത്ത് ശക്തമായ തിരമാല അനുഭവപ്പെട്ടു. പൂന്തുറ, വിഴിഞ്ഞം ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 200 ഓളം മത്സ്യ ബന്ധന തൊഴിലാളികള്‍ ഇപ്പോഴും കടലില്‍ കുടുങ്ങി കിടക്കുകയാണ് .ഇവരെ രക്ഷിക്കുന്നതിനായിനായി കൊച്ചിയില്‍ നിന്ന് നാവികസേനയുടെ പ്രത്യേക വിമാനവും കപ്പലും തിരുവനന്തപുരത്തേക്ക് തിരിച്ചു. നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ തുറുന്നുവിട്ടു. നെയ്യാര്‍ഡാമിലെ റിസര്‍വോയര്‍ പ്രദേശത്ത് ശക്തമായ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഇവിടുത്തെ പത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്തെ തീരപ്രദേശത്ത് 100 മീറ്റര്‍ ദൂരപരിധിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് മരം കടപുഴകി വീണ് നാലുപേര്‍ മരിച്ചു. ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകളും തുറന്നു. ഇടുക്കി ജില്ലയിലെ ഉയര്‍ന്നപ്രദശങ്ങളില്‍ വന്‍നാശനഷ്ടമാണ് മഴമൂലം ഉണ്ടായത്. കടുത്ത മൂടല്‍ മഞ്ഞ്മൂലം രക്ഷാപ്രവര്‍ത്തനത്തിനും തടസം നേരിട്ടിരിക്കുകയാണ്. ശക്തമായ കാറ്റ് വീശുന്ന ഉടുമ്പന്‍ചോലയിലും കട്ടപ്പനയിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. ഓടിക്കൊണ്ടിരുന്ന ജീപ്പിലും ഓട്ടോയിലും മരം കടപുഴകി വീണ് വാഹനങ്ങളിലുണ്ടായിരുന്ന എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരംകടംപുഴകി വൈദ്യുതിലൈനിനൊപ്പം വീണതിനെ തുടര്‍ന്ന് ഷോക്കേറ്റാണ് ഇയാള്‍ക്ക് ഗുരുതരപരുക്കേറ്റതെന്നാണ് വിവരം.

ഇടുക്കിയിലൂടെയുള്ള യാത്രക്കാര്‍ പ്രത്യേക ജാഗ്രതപുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുമളി വഴിയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായുമെത്തുന്നത്. റവന്യൂ, വനം, ഫയര്‍ഫോഴ്സ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. തീരപ്രദേശം പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: